അര്‍ഷാദ് കൊലപാതകം: 'കുത്തി കൊന്നത് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ച ശേഷം'

കോളനിയിലെ ലഹരി സംഘത്തിന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തതാണ് കൊലക്ക് കാരണമെന്നാണ് മരിച്ച അര്‍ഷാദിന്റെ ബന്ധുക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

arshad murder stabbed to death after informing on Instagram says police joy

തിരുവനന്തപുരം: കരിമഠം കോളനിയില്‍ പത്തൊമ്പതുകാരൻ അര്‍ഷാദിനെ ലഹരി സംഘം കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാമില്‍ മുന്നറിയിപ്പ് നല്‍കിയ ശേഷമെന്ന് പൊലീസ്. ആഴ്ചകള്‍ക്ക് മുന്‍പാണ് കേസിലെ ഒന്നാം പ്രതി ധനുഷിന്റെ സംഘത്തിലെ ഒരാള്‍ അര്‍ഷാദിനെ വകവരുത്തുമെന്ന മുന്നറിയിപ്പുമായി ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്. കോളനിയിലെ ലഹരി സംഘത്തിന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തതാണ് കൊലക്ക് കാരണമെന്നാണ് മരിച്ച അര്‍ഷാദിന്റെ ബന്ധുക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. കൊല നടത്തിയ എട്ടംഗ സംഘത്തില്‍ രണ്ടുപേര്‍ മാത്രമാണ് ഇതുവരെ പിടിയിലായത്.

കഴിഞ്ഞദിവസം കരിമഠം കോളനിയിലെ ടര്‍ഫിന് സമീപത്ത് വച്ചാണ് അര്‍ഷാദ് കൊലപ്പെടുന്നത്. ഒന്നാം പ്രതി ധനുഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി അര്‍ഷാദിനെ ആക്രമിക്കുകയായിരുന്നു. സംഘത്തിലൊരാള്‍ അര്‍ഷാദിന്റെ കൈകള്‍ പുറകിലോട്ട് പിടിച്ച് വെച്ച ശേഷം ധനുഷ് കുത്തിയെന്നാണ് എഫ്‌ഐആര്‍. കോളനിയില്‍ ലഹരി മാഫിയക്കെതിരെ പ്രവര്‍ത്തിക്കുന്ന മഠത്തില്‍ ബ്രദേഴ്‌സ് ക്ലബ് എന്ന യുവജന കൂട്ടായ്മയിലെ പ്രധാനിയായിരുന്നു അര്‍ഷാദ്. ധനുഷ് അടങ്ങുന്ന സംഘം കോളനിയില്‍ സ്ഥിരമായി ലഹരിയെത്തിക്കുന്നുണ്ടെന്ന പരാതി അര്‍ഷാദ് നേരത്തെ ഉന്നയിച്ചിരുന്നു.

തിങ്കളാഴ്ച അര്‍ഷാദും കൂട്ടുകാരും ധനുഷും സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഒത്ത് തീര്‍പ്പ് ചര്‍ച്ച നടത്താമെന്ന് പറഞ്ഞ് അര്‍ഷാദിനെ വിളിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് അര്‍ഷാദിന്റെ ബന്ധുക്കള്‍ പറയുന്നത്. കോളനിയിലെ ലഹരി സംഘത്തിനെതിരെ പൊലീസില്‍ നേരത്തെ പരാതിപ്പെട്ടിട്ടും കാര്യമായ നടപടി ഉണ്ടാകാറില്ലെന്നാണ് അര്‍ഷാദിന്റെ ബന്ധുക്കളുട പരാതി.

കേസിൽ ധനുഷും സംഘത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് ഇതുവരെ അറസ്റ്റിലായത്. മറ്റ് പ്രതികള്‍ക്കായി ഫോര്‍ട്ട് പൊലീസ് അന്വേഷണം തുടരുകയാണ്. ടര്‍ഫില്‍ കളിക്കുകയായിരുന്ന അര്‍ഷാദിനെ വിളിച്ചുവരുത്തിയാണ് ധനുഷിന്റെ സംഘം കൊന്നത്. അര്‍ഷാദിന്റെ കഴുത്തിനാണ് വെട്ടേറ്റത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. അര്‍ഷാദിന്റെ സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റു.

താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം: ഒരു മരണം, എട്ടു പേർ ആശുപത്രിയിൽ 
 

Latest Videos
Follow Us:
Download App:
  • android
  • ios