'എട്ടാം ക്ലാസ് വിദ്യാഭ്യാസം, പ്രൊഫഷണല്‍ കുറ്റവാളികളെ വെല്ലുന്ന തട്ടിപ്പ് രീതികള്‍'; ഒടുവില്‍ പിടിയില്‍
വിദേശ കമ്പനിയായ ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറിയുടെ മാനേജിങ് ഡയറക്ടറുടെ പേരിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ്.
ആലപ്പുഴ: വിദേശ കമ്പനിയുടെ പേരില്‍ ജോലി വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.തൃശൂര്‍ കേച്ചേരില്‍ പ്രദീപ് വീഹാറില്‍ മുഹമ്മദ് ആഷിഖ് (51) ആണ് പൊലീസിന്റെ പിടിയിലായത്. വിദേശ കമ്പനിയായ ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറിയുടെ മാനേജിങ് ഡയറക്ടറുടെ പേരിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
2022ലാണ് ജില്ല കേന്ദ്രികരിച്ച് തട്ടിപ്പ് നടത്തിയത്. താന്‍ എംഡിയായിട്ടുള്ള കമ്പനിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓഫര്‍ ലെറ്റര്‍ നല്‍കിയ ശേഷമാണ് നിരവധി പേരില്‍ നിന്ന് പണം തട്ടിയത്. അമീര്‍ മുസ്തഫ എന്ന വ്യാജ പേര് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. വിദേശ നമ്പറിലുള്ള വാട്‌സ്ആപ്പ് വഴി പരിചയപ്പെടുന്ന പ്രതി താന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആണെന്ന് പരിചയപ്പെടുത്തിയാണ് ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസം നേടിയെടുത്തത്. ഇതിനായി ഇയാള്‍ വിദേശ സിം കൈവശം സൂക്ഷിച്ചിരുന്നു. വെബ്‌സൈറ്റ് വിദഗ്ധരുമായി പരിചയം സ്ഥാപിച്ച ശേഷം ഫാക്ടറിയുടെതെന്ന് തോന്നിക്കുന്ന വെബ്‌സൈറ്റുകള്‍ ഉണ്ടാക്കി വ്യാജ വിലാസവും ഫോണ്‍ നമ്പറുകളും നല്‍കിയും, ഫേസ്ബുക്ക് പേജുകള്‍ ക്രിയേറ്റ് ചെയ്തും, ഗൂഗിള്‍ മാപ്പുകളില്‍ ലൊക്കേഷന്‍ ആഡ് ചെയ്ത് റിവ്യൂ ചെയ്തും പ്രതി ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ വിശ്വാസ്യത നേടിയെന്നും പൊലീസ് പറഞ്ഞു.
'എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള പ്രതിയുടെ തട്ടിപ്പ് രീതി പ്രൊഫഷണല്‍ കുറ്റവാളികളെ പോലും വെല്ലുന്ന തരത്തില്‍ ആയിരുന്നു. വിദേശത്ത് പോയി ജോലി ചെയ്തുള്ള അനുഭവസമ്പത്ത് പ്രതിക്ക് മുതല്‍കൂട്ടായി.' സഹായികള്‍ വഴി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കാശ് കൈപ്പറ്റിയും, ബാങ്ക് അക്കൗണ്ട് വഴി പണം വാങ്ങാതെയും തെളിവുകള്‍ അവശേഷിപ്പിക്കാതെ ആയിരുന്നു പ്രതിയുടെ നീക്കങ്ങളെന്നും പൊലീസ് പറഞ്ഞു. കോഴിക്കോട്, ചെന്നൈ, മാങ്ങാട്, ബംഗളൂരു കൊരമംഗല എന്നിവിടങ്ങളിലും പ്രതി താമസിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ നൂറോളം പരാതികളാണ് വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ലഭിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
'588 ലിറ്റര്‍ സ്പിരിറ്റ് കലര്‍ത്തിയ കള്ള്'; ഷാപ്പ് പൂട്ടിച്ച് എക്സെെസ്