ഉത്സവത്തിനിടെ പരിപാടി അലങ്കോലമാക്കാൻ ശ്രമം, ചോദ്യം ചെയ്ത കമ്മിറ്റിക്കാരന് മർദ്ദനം, യുവാവ് പിടിയിൽ
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന നാടൻപാട്ടിനിടെ ബിൻസ് സ്റ്റേജിൽ കയറി ബഹളം വയ്ക്കുകയും നാടൻ പാട്ട് തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് ക്ഷേത്ര കമ്മിറ്റി അംഗമായ 47കാരൻ തടഞ്ഞു. ഇതിലുള്ള വൈരാഗ്യം മൂലം ബിൻസ് 47കാരനെ മർദിക്കുകയും കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു.
വൈക്കം: കോട്ടയം വൈക്കത്ത് 47കാരനെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിലായി. ചെമ്പ് സ്വദേശി ബിൻസാണ് വൈക്കം പൊലീസിന്‍റെ പിടിയിലായത്. ചെമ്മനാകരി മണ്ടയ്ക്കാട്ട് ക്ഷേത്ര കമ്മിറ്റി അംഗമായ 47കാരനെയാണ് ബിൻസ് ആക്രമിച്ചത്. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന നാടൻപാട്ടിനിടെ ബിൻസ് സ്റ്റേജിൽ കയറി ബഹളം വയ്ക്കുകയും നാടൻ പാട്ട് തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് ക്ഷേത്ര കമ്മിറ്റി അംഗമായ 47കാരൻ തടഞ്ഞു. ഇതിലുള്ള വൈരാഗ്യം
മൂലം ബിൻസ് 47കാരനെ മർദിക്കുകയും കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു.
മറ്റൊരു സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്ന് പുറത്താക്കി. ആർപ്പുക്കര സ്വദേശികളായ ടോണി തോമസ്, റൊണാൾഡോ എന്നിവരെയാണ് ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവായത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ടോണി തോമസിനെ ഒരു വർഷത്തേക്കും, റൊണാൾഡോയെ ആറ് മാസത്തേക്കുമാണ് നാട് കടത്തിയത്.
ടോണി തോമസിന് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, അയർക്കുന്നം, എറണാകുളം ഇൻഫോപാർക്ക് എന്നീ സ്റ്റേഷനുകളിലായി
കൊലപാതക ശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, കവർച്ച, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളുണ്ട്. റൊണാൾഡോയ്ക്ക് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിലായി അടിപിടി, കൊട്ടേഷൻ, കഞ്ചാവ് വിൽപ്പന തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം