'മരിച്ച' യുവാവ് യുവതിക്കും 4 മക്കൾക്കുമൊപ്പം മറ്റൊരിടത്ത് സുഖ ജീവിതം; 5 വർഷം ഒളിവിൽ, ഒടുവിൽ 45 കാരൻ കുടുങ്ങി

കുമാർ മരണപ്പെട്ടുവെന്ന നിഗമനത്തിലായിരുന്നു പൊലീസും. യോഗേന്ദ്ര കുമാറിന്‍റെ കുടുംബവും ഒടുവിൽ മകൻ മരിച്ചെന്നു കരുതി. ഇതിനിടയിലാണ് 5 വർഷങ്ങൾക്ക് ശേഷം യോഗേന്ദ്ര കുമാറിനെ ദില്ലിയിൽ നിന്നും പൊലീസ് പിടികൂടുന്നത്.

45 year old man from UP who had gone missing and reported dead to police was found alive in Delhi vkv

ദില്ലി: മരിച്ചെന്ന് കരുതി പൊലീസ് റിപ്പോർട്ട് ചെയ്തയാളെ പുതിയ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ദില്ലിയിലെ രോഹിണിയിൽ ജീവനോടെ കണ്ടെത്തി. അഞ്ച് വർഷം മുമ്പ് കാണാതായ  45കാരനായ യോഗേന്ദ്ര കുമാറിനെയാണ് പൊലീസ് ജീവനോടെ കണ്ടെത്തിയത്. 5 വ‌ർഷം മുൻപ് ഉത്തർപ്രദേശിലെ ഭാ​ഗ്പാട്ടിൽ നിന്നുമാണ് ഇയാളെ കാണാതാവുന്നത്. 2018ൽ കുമാറിനും ഇയാളുടെ സഹോദരങ്ങൾക്കുമെതിരെ ഉത്തർപ്രദേശിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ യുവാവിനെ കാണാതാവുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ് : ഉത്തർപ്രദേശിലെ ഭാ​ഗ്പാട്ട് സ്വദേശിയാണ് യോഗേന്ദ്ര കുമാർ. 2018ൽ നാട്ടിലുണ്ടായ അടിപിടിയുടെ പേരിൽ പ്രദേശവാസിയായ വേദ് പ്രകാശിന്‍റെ പരാതിയിൽ യോഗേന്ദ്ര കുമാറിനും സഹോദരന്മാർക്കുമെതിരെ സിംഗാവലി അഹിർ പൊലീസ് ആക്രമണത്തിനും ഭീഷണിപ്പെടുത്തിയതിനും എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യോഗേന്ദ്ര കുമാറിനെ കാണാതായത്. ഭാര്യയോ കുട്ടികളോ വീട്ടുകാരോ അറിയാതെയാണ് ഇയാൾ വീടുവിട്ടത്. അന്വേഷണത്തിൽ കുമാറിനെപ്പറ്റി വീട്ടുകാർക്ക്  ഒരു വിവരും ലഭിച്ചില്ല.

ഇതോടെ ഭർത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യോഗേന്ദ്ര കുമാറിന്‍റെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുമാറി​ന്റെ തിരോധനത്തിൽ കുടുബാംഗങ്ങൾക്ക് വേ​ദ് പ്രകാശിനെ സംശയമുണ്ടായിരുന്നു . കുമാറിനെ പ്രകാശ് കൊലപ്പെടുത്തിയതാണെന്ന് കുടുബാം​ഗങ്ങൾ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയതായി  സിം​ഗാവലി അഹിർ പൊലീസ് ​​സ്റ്റേഷൻ ഹെഡ് ഓഫീസർ ജിതേന്ദ്ര സിം​ഗ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. യോഗേന്ദ്ര കുമാറിന്‍റെ കുടുംബം കോടതിയെയും സമീപിച്ചിരുന്നു.

തുടർന്ന് കോടതി വിധി പ്രകാരം പ്രകാശിനും മറ്റ് രണ്ടുപേർക്കുമെതിരെ തട്ടികൊണ്ടുപോകലും കൊലപാതകകുറ്റവും ചുമത്തി  പൊലീസ്  കേസ് ഫയൽ ചെയ്തു. എന്നാൽ എട്ട് മാസത്തോളം അന്വേഷണം നടത്തിയിട്ടും കുമാറിനെ കണ്ടെത്താനോ, കൊലപാതകം തെളിയിക്കാനോ പൊലീസിനായില്ല. ഒടുവിൽ പൊലീസും അന്വേഷണം അവസാനിപ്പിച്ചു. കുമാർ മരണപ്പെട്ടുവെന്ന നിഗമനത്തിലായിരുന്നു പൊലീസും. യോഗേന്ദ്ര കുമാറിന്‍റെ കുടുംബവും ഒടുവിൽ മകൻ മരിച്ചെന്നു കരുതി. ഇതിനിടയിലാണ് 5 വർഷങ്ങൾക്ക് ശേഷം യോഗേന്ദ്ര കുമാറിനെ ദില്ലിയിൽ നിന്നും പൊലീസ് പിടികൂടുന്നത്.

ദില്ലിയിൽ  ടാക്സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു കുമാറെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു യുവതിയെ വിവാഹം കഴിച്ച ഇയാൾക്ക് 4 മക്കളുമുണ്ട്. ആദ്യ വിവാഹവും നാട്ടിലെ കേസുമെല്ലാം മറച്ചുവെച്ചാണ് കുമാർ ദില്ലി സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് പൊലീസിന് കുമാറി​നെ പറ്റി വിവരങ്ങൾ ലഭിച്ചത്. ഇതോടെ ദില്ലിയിലെത്തിയ അന്വേഷണ സംഘം യോഗേന്ദ്ര കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോ​ദ്യം ചെയ്യലിൽ തനിക്ക് വേദ് പ്രകാശിനോടുണ്ടായിരുന്ന വിരോധമാണ് വീട് വിടാൻ പ്രേരിപ്പിച്ചതെന്ന് കുമാർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.  

Read More : കിടിലൻ കോഴ്സ്, ജോലി ഉറപ്പ്! പരസ്യത്തിൽ വീണു, പക്ഷേ എല്ലാം വ്യാജം; മലപ്പുറത്ത് 1.5 കോടി തട്ടിയെന്ന് പരാതി, കേസ്

Latest Videos
Follow Us:
Download App:
  • android
  • ios