മകളെ പീഡിപ്പിച്ച 44കാരനായ പിതാവിന് ഇരട്ട ജീവപര്യന്തവും 61 വർഷം കഠിനതടവും ശിക്ഷ

2023 മെയ് മാസത്തിൽ രക്ഷിതാക്കളൊന്നിച്ച് താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്‌സിൽ വച്ച് പിതാവ് ലൈംഗീകാതിക്രമം നടത്തുകയും മാനഹാനിയുണ്ടാക്കിയെന്നാണ് കേസ്

44 year old man gets 2 life term and 61 years in prison for abuse on daughter in  Perinthalmanna

പെരിന്തൽമണ്ണ: മകളെ ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിൽ 44കാരനായ പിതാവിന് ഇരട്ട ജീവപര്യന്തവും 61 വർഷം കഠിന തടവും 2.89 ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷവും മൂന്നുമാസവും അധികതടവ് അനുഭവിക്കണം. പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകളിലായാണ് ജീവപര്യന്തം ശിക്ഷകൾ. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്‌സോ വകുപ്പിലെയും ജുവൈനൽ ജസ്റ്റിസ് നിയമത്തിലെയും വിവിധ വകുപ്പുകളിലാണ് 61 വർഷം കഠിന തടവ്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചാൽ 2.5 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ ലീഗൽ സർവിസ് കമ്മിറ്റിയോടും നിർദേശിച്ചു. 2023 മെയ് മാസത്തിൽ രക്ഷിതാക്കളൊന്നിച്ച് താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്‌സിൽ വച്ച് പിതാവ് ലൈംഗീകാതിക്രമം നടത്തുകയും മാനഹാനിയുണ്ടാക്കിയെന്നാണ് കേസ്.

വണ്ടൂർ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ഇ. ഗോപകുമാർ, എസ്.ഐ. ടി.പി. മുസ്തഫ എന്നിവരാണ് കേസ് അന്വേഷിച്ചത്.  പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് ഹാജരായി. തെളിവിലേക്കായി 14 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകൾ ഹാജരാക്കി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios