40 വർഷം മുൻപത്തെ പ്രണയം, എതിർപ്പുകൾക്കൊടുവിൽ വിവാഹം, 70 വയസിൽ പണിയായി എല്ലാവരും മറന്ന് ആ കേസ്
പിണക്കം മറന്ന് പ്രായപൂർത്തിയായ മകളെ വിവാഹം ചെയ്ത് നൽകിയെങ്കിലും കൊടുത്ത കേസ് പിൻവലിക്കാതിരുന്നതാണ് പ്രശ്നമായത്. വിവാഹത്തേക്കുറിച്ച് കോടതിയെയോ പൊലീസിനെയോ അറിയിക്കാൻ ദമ്പതികളും ശ്രമിക്കാതിരുന്നതോടെയാണ് നിയമപ്രശ്നം ഗുരുതരമായത്
ആഗ്ര: നാൽപത് വർഷം മുൻപ് 17കാരിയെ പ്രണയിച്ചു, എതിർപ്പുകൾക്കൊടുവിൽ വിവാഹവും സന്തോഷ ജീവിതവും. പക്ഷേ എഴുപതാം വയസിൽ ദമ്പതിമാർക്ക് പണിയായി എല്ലാവരും മറന്ന ആ കേസ്. പ്രണയ കാലത്ത് പെൺകുട്ടിയുടെ അമ്മ നൽകിയ പീഡനക്കേസിൽ അകത്തായി മുംബൈ സ്വദേശിയായ എഴുപതുകാരൻ. പിണക്കം മറന്ന് പ്രായപൂർത്തിയായ മകളെ വിവാഹം ചെയ്ത് നൽകിയെങ്കിലും കൊടുത്ത കേസ് പിൻവലിക്കാതിരുന്നതാണ് പ്രശ്നമായത്. 70കാരനായ ദാവൂദ് ബന്ദൂ ഖാൻ എന്നയാളെയാണ് മുംബൈ പൊലീസ് ആഗ്രയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2020 ജനുവരിയിൽ കോടതിക്ക് മുന്നിൽ ഹാജരാകാതെ വന്നതോടെ ഒളവിൽ പോയതായി കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇയാൾക്കായി തെരച്ചിൽ അരംഭിച്ചത്. പരാതി നൽകിയ ഭാര്യാ മാതാവും ഭാര്യയും മരിച്ച സാഹചര്യത്തിൽ കേസ് പിൻവലിക്കാൻ ആരുമില്ലാത്തതിനാൽ 70ാം വയസിൽ പീഡനക്കേസിൽ വിചാരണ നേരിടേണ്ട അവസ്ഥയിലാണ് ദാവൂദ് ബന്ദൂ ഖാൻ.
കേസിനേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്.
1984ൽ 17കാരിയായിരുന്ന പെൺകുട്ടിയുമായി 30കാരനായ ദാവൂദ് ബന്ദൂ ഖാൻ പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം പെൺകുട്ടിയുടെ അമ്മയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. മുംബൈയിലെ ഗിരാഗോണിലെ വിപി റോഡ് മേഖലയിലായിരുന്നു ഇരു കൂട്ടരും താമസിച്ചിരുന്നത്. അയൽവാസിയായ ദാവൂദ് ബന്ദൂ ഖാനെതിരെ പെൺകുട്ടിയുടെ അമ്മ തട്ടിക്കൊണ്ട് പോകലിനും പീഡനപരാതിയും നൽകി. കേസിൽ ദാവൂദ് ബന്ദൂ ഖാൻ അറസ്റ്റിലുമായി. എന്നാൽ ജാമ്യത്തിലിറങ്ങിയ ദാവൂദ് ബന്ദൂ ഖാൻ ഈ സമയത്ത് പ്രായപൂർത്തിയായ പെൺകുട്ടിയെ വിവാഹം ചെയ്യുകയും പരാതിക്കാരിയുമായി രമ്യതയിലാവുകയും ചെയ്തു. ആദ്യത്തെ കുഞ്ഞ് പിറന്നതിന് പിന്നാലെ ദമ്പതികൾ ആഗ്രയിലേക്ക് താമസം മാറി. എന്നാൽ കേസ് പിൻവലിക്കാനോ, പ്രശ്നം തീർപ്പാക്കിയ വിവരം പൊലീസിനെയോ കോടതിയെ അറിയിക്കാനോ ശ്രമിച്ചിരുന്നില്ല. പരാതിക്കാരിയുടെ മകളുമായുള്ള വിവാഹത്തോടെ കേസ് അവസാനിച്ചുവെന്ന ധാരണയിലായിരുന്ന ദമ്പതികളും കുടുംബവും ഉണ്ടായിരുന്നത്.
എന്നാൽ കേസ് വിചാരണയ്ക്കായി നിരവധി തവണ കോടതിയിൽ എത്തിയപ്പോൾ ഹാജരാകാൻ ദാവൂദ് ബന്ദൂ ഖാന് സാധിച്ചിരുന്നില്ല. വിവരം പരസ്യം ചെയ്തിട്ടും മറുപടിയൊന്നും ലഭിക്കാതെ വന്നതോടെ 2020 ജനുവരിയിൽ കോടതി ദാവൂദ് ബന്ദൂ ഖാനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. അടുത്തിടെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ക്രമസമാധാന പാലത്തിന്റെ ഭാഗമായി നടന്ന സ്പെഷ്യൽ ഡ്രൈവിൽ ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ ആരംഭിക്കുകയും ദാവൂദ് ബന്ദൂ ഖാന് പിടിയിലാവുകയുമായിരുന്നു. പരാതിക്കാരി മരിച്ചതിനാൽ ഖാന്റെ മറ്റ് വിവരം അറിയാവുന്നവർ മുംബൈയിലും ഉണ്ടായിരുന്നില്ല. ഒടുവിൽ 10 വർഷം മുൻപ് ദാവൂദ് ബന്ദൂ ഖാന്റെ മകന്റെ വിവാഹത്തിന് ഭക്ഷണം തയ്യാറാക്കാനായി മുംബൈയിൽ നിന്ന് പോയ മുംബൈ സ്വദേശിയായ പാചകക്കാരനിൽ നിന്നാണ് 70കാരന്റെ നിലവിലെ വിവരങ്ങൾ ലഭിച്ചത്. ഞായറാഴ്ചയാണ് മുംബൈ പൊലീസ് ആഗ്രയിലെ ദാവൂദ് ബന്ദൂ ഖാന്റെ വീട് കണ്ടെത്തിയത്. മുംബൈയിലേക്ക് കൊണ്ടുവന്ന ഖാനെ പൊലീസ് ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. 2011ലാണ് ഖാന്റെ ഭാര്യ മരിച്ചത്. കോടതിയിൽ ഹാജരാക്കിയ ദാവൂദ് ബന്ദൂ ഖാനെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം