അശ്ലീല കമന്‍റിട്ടയാളിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ
നിലമ്പൂർ സ്വദേശി സൽമാൻ ഫാരിസ് (29), ചെങ്ങന്നൂർ സ്വദേശി ജസ്‍ലിൻ (18), കുമളി സ്വദേശി അഭിജിത്ത് കെ ലോകേഷ് (27) എന്നിവരെയാണ് ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി: ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റിട്ട ആളിൽ നിന്ന് രണ്ട് ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. നിലമ്പൂർ സ്വദേശി സൽമാൻ ഫാരിസ് (29), ചെങ്ങന്നൂർ സ്വദേശി ജസ്‍ലിൻ (18), കുമളി സ്വദേശി അഭിജിത്ത് കെ ലോകേഷ് (27) എന്നിവരെയാണ് ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും കോടതി റിമാന്റ് ചെയ്തു. തൊടുപുഴ സ്വദേശി അക്ഷയിന്റെ പരാതിയിലാണ് നടപടി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ അക്ഷയ് അശ്ലീല കമന്റുകൾ ഇട്ടതായി ജസ്‍ലിൻ നേരത്തെ ഏലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അതിനിടെയാണ് അക്ഷയ് മറ്റൊരു പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. അശ്ലീല കമന്റുമായി ബന്ധപ്പെട്ട കേസിൽ നിന്നൊഴിവാക്കാനെന്ന് പറഞ്ഞ് ജസ്‍ലിന്റെ സുഹൃത്ത് സൽമാൻ ഫാരിസ് രണ്ട് ലക്ഷം രൂപ ഭീഷണിപ്പെടുത്തി തട്ടി എന്നായിരുന്നു പരാതി. സൽമാന്റെ സുഹൃത്ത് കുമളി സ്വദേശി അഭിജിത്തിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്നായിരുന്നു പരാതിയിൽ പറഞ്ഞത്. തുടർന്ന് സൽമാൻ ഫാരിസ്, ജസ്‍ലിൻ, അഭിജിത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചി ലുലു മാൾ ഇടനാഴിയിൽ സൽമാനും സുഹൃത്തുക്കളും തന്നെ മർദ്ദിച്ചതായി ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയാ സിനിമാ റിവ്യൂവർ സന്തോഷ് വർക്കി പൊലീസിൽ പരാതിപ്പെട്ടിരുന്നു. മർദ്ദന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ, ആറാട്ടണ്ണനെതിരെ ഇവർ മറുപരാതി നൽകി. തന്റെ കൂടെയുണ്ടായിരുന്ന ജസ്‍ലിൻ എന്ന പെൺകുട്ടിയെ അപമാനിക്കുന്ന വിധം സംസാരിക്കുകയും തന്നെ മർദ്ദിക്കുകയും ചെയ്തതായാണ് സൽമാൻ ഫാരിസ് പരാതി നൽകിയത്. ഈ വിഷയത്തെ കുറിച്ച് ജസ് ലിൻ ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിൽ അക്ഷയ് അസഭ്യ കമന്റ് ഇട്ടതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നാണ് പണം തട്ടിപ്പ് കേസും അറസ്റ്റും ഉണ്ടായത്.