ദളിത് യുവതിയ്ക്ക് പീഡനം, കഴുത്ത് ഞെരിച്ച് കൊലപാതകം, മൃതദേഹം വാടകമുറിയിൽ കെട്ടിത്തൂക്കി പൊലീസുകാരന്‍
പൊലീസ് കോൺസ്റ്റബിൾ രാഘവേന്ദ്ര സിങ്ങിന്റെ വാടക വീട്ടിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.
ആഗ്ര: 25കാരിയായ ദളിത് യുവതിയെ പൊലീസ് കോൺസ്റ്റബിൾ പീഡിപ്പിച്ച ശേഷം കൊന്നു കെട്ടിത്തൂക്കി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. 27കാരനായ പൊലീസ് കോണ്‍സറ്റബിൾ രാഘവേന്ദ്ര സിംഗിന്റെ വാടകമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പിന്നാലെ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡിസംബർ 29നായിരുന്നു ആഗ്രയിൽ നിയമിതനായ പൊലീസ് കോൺസ്റ്റബിൾ രാഘവേന്ദ്ര സിങ്ങിന്റെ വാടക വീട്ടിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.
കെട്ടിതൂക്കിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയും പൊലീസുകാരനും നേരത്തെമുതൽ പരിചയമുള്ളവരാണ്. സംഭവം നടക്കുന്നതിന് ഒരു ദിവസം മുൻപ് വരെ യുവതി കോൺസ്റ്റബളിന്റെ വാടക മുറി സന്ധർശിച്ചിരുന്നു. സംഭവം നടന്ന ദിവസം സ്റ്റേഷനിൽ നിന്നും സിങ്ങ് നേരത്തെ ഇറങ്ങിയെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം സിങ്ങ് തന്നെ സുഹൃത്തുക്കളോട് ഇതേ പറ്റി പറഞ്ഞതായാണ് വിവരം. ഝാൻസി സ്വദേശിയാണ് കോൺസ്റ്റബിൾ രാഘവേന്ദ്ര സിംഗ്. ഇവിടെ രണ്ട് പേരും ഒരുമിച്ച് നഴ്സിംഗ് ട്രെയിനിംഗ് ചെയ്തിട്ടുണ്ട്. ഈ കാലം മുതലുള്ള പരിചയമാണ് ഇരുവരും തമ്മിലെന്നാണ് യുവതിയുടെ കുടുംബം വിശദമാക്കുന്നത്.
രാഘവേന്ദ്രയുടെ വീട്ടിൽ യുവതിയുടെ വീട്ടുകാർ വിവാഹാലോചനയുമായി എത്തിയിരുന്നു. എന്നാൽ രാഘവേന്ദ്രയുടെ കുടുംബം ഈ ബന്ധം നിരാകരിച്ചു. എങ്കിലും ഇരുവരും തമ്മിൽ ബന്ധം തുടർന്നിരുന്നുവെന്നാണ് യുവതിയുടെ സഹോദരന്‍ വിശദമാക്കുന്നത്. അടുത്തിടെ ആഗ്രയിലേക്ക് നിയമിതനായ രാഘവേന്ദ്ര സിംഗ് ബേലൻഗജിലെ വാടക മുറിയിൽ ആയിരുന്നു താമസം. ഗുരുഗ്രാമിലെ കിഡ്നി സെന്ററിൽ ജോലി ചെയ്തിരുന്ന യുവതി കൊല്ലപ്പെടുന്നതിന് തൊട്ട് മുന്‍പത്തെ ദിവസമാണ് പൊലീസുകാരന്റെ മുറിയിലെത്തിയതെന്നാണ് വിവരം. വിവരം പുറത്ത് വന്നതിന് പിന്നാലെ യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് രാഘവേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം