പൊലീസ് പരിശീലന കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ടു, കത്തിനശിച്ചത് 15 പൊലീസ് വാഹനങ്ങൾ
നിരവധി ക്രൂയിസർ കാറുകളും ബുൾഡോസറുകളും അടക്കമുള്ള പൊലീസ് വാഹനങ്ങൾക്കാണ് അജ്ഞാതർ തീയിട്ടത്
ഒറിഗോൺ: പരിശീലന കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന 15 പൊലീസ് വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതൻ. ഒറിഗോണിലെ പോർട്ട്ലാൻഡിൽ വ്യാഴാഴ്ച പുലർച്ചയോടെയാണ് അഗ്നിബാധയുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വാഹനങ്ങളെ വലിയ രീതിയിൽ അഗ്നി പടരുന്നതായുള്ള ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പരിശീലന കേന്ദ്രത്തിന് സമീപത്ത് നിന്ന് വലിയ രീതിയിൽ പുക ഉയരുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്.
നിരവധി ക്രൂയിസർ കാറുകളും ബുൾഡോസറുകളും അടക്കമുള്ളവയാണ് തീ വച്ച് നശിപ്പിച്ചത്. കാറുകൾക്ക് വലിയ കേടുപാടുകൾ അഗ്നിബാധയിൽ സംഭവിച്ചിട്ടുണ്ട്. മിക്ക കാറുകളും തീ വയ്ക്കുന്നതിന് മുൻപ് തല്ലി തകർത്തിട്ടുണ്ട്. അതിനാൽ തന്നെ ആസൂത്രിതമായ ആക്രമണമാണ് അഗ്നിബാധയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെ വലിയ രീതിയിലുള്ള പൊട്ടിത്തെറി ശബ്ദം കേട്ടാണ് ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തുന്നത്. പോർട്ട്ലാന്ഡ് പൊലീസ് പരിശീലന കേന്ദ്രത്തിനുള്ളിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് തീയിട്ടിരിക്കുന്നത്.
പോർട്ട്ലാന്ഡ് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്നാണ് ഈ സ്ഥലമുള്ളത്. അഗ്നിബാധയിൽ സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അഗ്നിബാധ സംബന്ധിച്ച കേസുകളിലെ പ്രതികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ജനുവരിയിലും പോർട്ട്ലാന്ഡിൽ സമാനമായ രീതിയിൽ അഗ്നിബാധയുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം