13 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവം; സ്കൂൾ അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന് കുടുംബം
നിസ്സാര കാര്യത്തിന് ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്‍റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.
ആലപ്പുഴ: ആലപ്പുഴ കലവൂരിൽ 13 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ അധ്യാപകര്‍ക്കെതിരെ കുടുംബം. നിസ്സാര കാര്യത്തിന് ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്‍റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മനോജ്-മീര ദമ്പതികളുടെ മകൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പ്രജിത് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു പ്രജിത്ത്. കഴിഞ്ഞ വ്യാഴാഴ്ച അവസാന പിരീയഡിന് പ്രജിത്തിനെയും സഹപാഠിയായ വിജയെയും ക്ലാസില്‍ കണ്ടില്ല. ഏറെ നേരം അന്വേഷിച്ചിട്ടും കാണാത്തത്തിനെ തുടര്‍ന്ന് സ്കൂള്‍ മൈക്കില്‍ അനൗണ്‍സ്മെന്‍റ് നടത്തി. ഉടന്‍ കുട്ടികള്‍ തിരിച്ചെത്തുകയും ചെയ്തു. വിജയ് തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളം എടുക്കാന്‍ പോയതാണെന്ന് പറഞ്ഞെങ്കിലും അധ്യാപകര്‍ വിശ്വസിച്ചില്ല. കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് പിടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരൽ കൊണ്ട് പല തവണ തല്ലുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തൊട്ടു പിറകെ രേഷ്മ, ഡോളി എന്നീ അധ്യാപകര്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ശാസിക്കുകയും അപമാനിക്കുകയും ചെയ്തു.
കടുത്ത മനോവിഷമത്തിലായിരുന്നു പ്രജിത്ത് വീട്ടിലേക്ക് എത്തിയതെന്ന് സഹപാഠികൾ പറയുന്നു. മൂത്ത സഹോദരൻ പ്രണവ് സ്കൂളിൽ നിന്ന് വന്നപ്പോൾ പ്രജിത്ത് സ്കൂൾ യൂണിഫോമിൽ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാല്‍ സ്കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ സോഫിയ ആരോപണങ്ങള്‍ നിഷേധിക്കുന്നു. പിറ്റേ ദിവസം അച്ഛനെ വിളിച്ച് കൊണ്ട് വരണമെന്ന് മാത്രമേ അധ്യാപകര്‍ പറഞ്ഞിട്ടുള്ളൂ എന്ന് സിസ്റ്റര്‍ സോഫിയ പറഞ്ഞു. പ്രജിത്തിന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് മണ്ണഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)