കെ ആംസ്ട്രോംഗ് കൊലപാതകം; ഗുണ്ടാ നേതാവിന്റെ കൊലയുമായി ബന്ധപ്പെട്ടുള്ള പകയെന്ന് പൊലീസ്, 11 പേർ അറസ്റ്റിൽ
കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആർക്കോട്ട് സുരേഷിന്റെ സഹോദരൻ ബാലു അടക്കം ഉള്ളവരാണ് അറസ്റ്റിലായത്. കൊലയ്ക്ക് കാരണം മുൻവൈരാഗ്യം എന്നാണ് പൊലീസ് വിശദീകരണം
ചെന്നൈ: തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തിൽ 11 പേർ അറസ്റ്റിലായി. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആർക്കോട്ട് സുരേഷിന്റെ സഹോദരൻ ബാലു അടക്കം ഉള്ളവരാണ് അറസ്റ്റിലായത്. കൊലയ്ക്ക് കാരണം മുൻവൈരാഗ്യം എന്നാണ് പൊലീസ് വിശദീകരണം. കഴിഞ്ഞ ദിവസം വൈകീട്ട് ചെന്നൈയിലെ വീടിന് സമീപം ബിഎസ്പി പ്രവർത്തകർക്കൊപ്പം നിൽകുമ്പോഴാണ് ബൈക്കുകളിൽ എത്തിയ 6 അംഗ സംഘം കെ ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്നത്.
പ്രമുഖ ദേശീയപാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായ ദളിത് നേതാവിന്റെ കൊലയിൽ നടുങ്ങിയിരിക്കുകയാണ് തമിഴ്നാട്. സിസിടിവി ദൃശ്യങ്ങളും ഫോൺ റെക്കോർഡുകളും പരിശോധിച്ച പൊലീസ് പുലർച്ചെയാണ് 8 പേരെ അറസ്റ് ചെയ്തത്. ഗുണ്ടാ നേതാവ് ആർക്കോട്ട് സുരേഷിന്റെ കൊലയുമായി ബന്ധപ്പെടുള്ള പകയാണ് ആംസ്ട്രോങ്ങ് വധത്തിന് കാരണമെന്നാണ് പൊലീസിന്റെ അനൌദ്യോഗിക വിശദീകരണം. എന്നാൽ പിടിയിലായത് യഥാർത്ഥ പ്രതികൾ അല്ലെന്ന് ആരോപിച്ച് ബിഎസ്പി പ്രവർത്തകർ ചെന്നൈയിൽ റോഡ് ഉപരോധിച്ചു.
കേസ് അന്വേഷണം സിബഐക്ക് കൈമാറണമെന്നും ബിഎസ്പി ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസിനായെന്നും നിയമപ്രകാരമുള്ള ശിക്ഷാ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എക്സ്സിൽ കുറിച്ചു. അതേസമയം തമിഴ്നാട്ടിൽ ക്രമസമാധാന നില തകർന്നെന്നും ഗുണ്ടകളാണ് സംസ്ഥാനം ഭരിക്കുന്നതെന്നുമാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.
അംസ്ട്രോങ്ങിനെ കൊല ഞെട്ടിക്കുന്നതെന്ന് പ്രതികരിച്ച രാഹുൽ ഗാന്ധി കുറവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അതിവേഗ നടപടികൾ വേണമെന്നും ആവശ്യപ്പെട്ടു.സഖ്യകക്ഷികളായ കോൺഗ്രസ്സന്റെയും വിസികകെയുടെയും വിഷയത്തിൽ പരസ്യ നിലപാട് സ്വീകരിച്ചതോട് തലവേദന കൂടുന്നത് സ്റ്റാലിനാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം