ടി20 ലോകകപ്പ്: ഷമിക്കെതിരെ വിദ്വേഷം; താരത്തിനൊപ്പം നില്‍ക്കണമെന്ന് ടീം ഇന്ത്യയോട് ഒമര്‍ അബ്ദുള്ളയും സെവാഗും
താരത്തിന്റെ ദേശീയത പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള എതിര്‍പ്പുകളാണ് ഷമിക്കെതിരെയുണ്ടായത്. ഇതിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളോ, ബിസിസിഐയോ ഒന്നുംതന്നെ സംസാരിച്ചിട്ടില്ല.
ദുബായ്: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഷമിയുടേത് മോശം പ്രകടനമായിരുന്നു. പിന്നാലെ ദേശീയത പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള എതിര്‍പ്പുകളാണ് ഷമിക്കെതിരെയുണ്ടായത്. ഇതിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളോ, ബിസിസിഐയോ ഒന്നുംതന്നെ സംസാരിച്ചിട്ടില്ല.
ഇതിനിടെയാണ് ഒമര്‍ അബ്ദുള്ള തന്റെ നിലപാട് ട്വിറ്ററില്‍ വ്യക്തമാക്കിയത്. ഷമിക്ക് പിന്തുണ നല്‍കേണ്ടത് ഇന്ത്യന്‍ ടീമിന്റെ കടമയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ''പാകിസ്ഥാനോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമിലെ ഒരു താരമാണ് ഷമി. അദ്ദേഹം മാത്രമല്ല, ടീമിലുണ്ടായിരുന്നത്. സമൂഹ മാധ്യങ്ങളില്‍ അധിക്ഷേപം നേരിട്ട ഷമിക്കൊപ്പം ടീം ഇന്ത്യ നില്‍ക്കേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇന്ത്യ ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സിന് ഇന്ത്യന്‍ ടീം പിന്തുണ നല്‍കുന്നതില്‍ യുക്തിയില്ല.'' ഒമര്‍ അബ്ദുള്ള കുറിച്ചിട്ടു.
പാകിസ്ഥാനെതിരെ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സാണ് വിട്ടുകൊടുത്തത്. ആദ്യ മൂന്ന് ഓവറില്‍ 26 മാത്രമാണ് ഷമി നല്‍കിയിരുന്നത്. എന്നാല്‍ 18 ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സ് വഴങ്ങി. പാകിസ്ഥാന്‍ അനായാസമായി ജയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഷമിയുടെ ദേശീയതും മതവും ചോദ്യം ചെയ്യുന്ന രീതിയില്‍ ട്വീറ്റുകളും പോസ്റ്റുകളും വന്നത്.
മാത്രമല്ല, ഷമിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോട്ടോകള്‍ക്ക് താഴെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റുകള്‍ നിറഞ്ഞു. ഇന്ത്യന്‍ ടീമിലെ പാകിസ്ഥാനിയാണ് ഷമിയെന്നും പാകിസ്ഥാനോട് പണം മേടിച്ചാണ് താരം കൡക്കുന്നതെന്നും കമന്റുകളില്‍ കാണാം. ഷമിയോടെ പാകിസ്ഥാനിലേക്ക് പോവാനും വിദ്വേഷികള്‍ കമന്റിലൂടെ പറയുന്നുണ്ട്. ഷമിക്കെതിരെ വന്ന ചില കമന്റുകള്‍...
മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും ഷമിക്ക് പിന്തുണയുമായെത്തി. സെവാഗിന്റെ ട്വീറ്റ് ഇങ്ങനെ... ''ഷമിക്കെതിരെ നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങള്‍ അവനൊപ്പം നില്‍ക്കുന്നു. അവനൊരു ചാംപ്യന്‍ ബൗളറാണ്. ഇന്ത്യയുടെ തൊപ്പി ധരിക്കുന്ന ഓരോ താരത്തിന്റെ ഹൃദയത്തിലും ഇന്ത്യയുണ്ട്. ആ ദേശസ്‌നഹമൊന്നും വിദ്വേഷ കമന്റുകളിടുന്നവര്‍ക്കില്ല. ഷമിക്കൊപ്പം.'' സെവാഗ് കുറിച്ചിട്ടു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയോ ബിസിസിഐയോ ഇക്കാര്യത്തെ കുറിച്ച് ഒന്നുംതന്നെ സംസാരിച്ചിട്ടില്ല. ഇതിനിടെയാണ് പൊതുപ്രവര്‍ത്തകരും സിനിമ- രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ഷമിക്ക് പിന്തുണയുമായെത്തിയത്. ചില ട്വീറ്റുകള്‍ കാണാം...