Asianet News MalayalamAsianet News Malayalam

ഓരോ മത്സരം കഴിഞ്ഞാല്‍ മടങ്ങാം! ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യക്ക് പാകിസ്ഥാന് പുതിയ നിര്‍ദേശം

ഡല്‍ഹി, ചണ്ഡിഗഡ്, മൊഹാലി എന്നീ നഗരങ്ങളില്‍ ഒന്നിലേക്ക് ചാര്‍ട്ടേഡ് വിമാനം സജ്ജമാക്കാമെന്നും പാകിസ്ഥാന്റെ ഓഫര്‍.

pcb suggests play champions trophy in pakistan and return home same day
Author
First Published Oct 20, 2024, 10:44 AM IST | Last Updated Oct 20, 2024, 10:44 AM IST

ഇസ്ലാമാബാദ്: അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പങ്കെടുപ്പിക്കാന്‍ പുതിയ നിര്‍ദേശംവച്ച് പാകിസ്ഥാന്‍. സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് ഇന്ത്യ ആവര്‍ത്തിക്കുന്നതോടെയാണ് പാകിസ്ഥാന്റെ പുതിയ നിര്‍ദേശം. 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒന്‍പത് വരെയാണ് ചാംപ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നടക്കുക. രാഷ്ട്രീയ, സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കില്ലെന്നാണ് ബിസിസിഐ നിലപാട്. ചാംപ്യന്‍സ് ട്രോഫിയിലെ ഓരോ മത്സരങ്ങളും കഴിഞ്ഞ ശേഷം ഇന്ത്യന്‍ ടീം നാട്ടിലേക്ക് മടങ്ങുക എന്നതാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ നിര്‍ദേശം.

ഇതിനായി ഡല്‍ഹി, ചണ്ഡിഗഡ്, മൊഹാലി എന്നീ നഗരങ്ങളില്‍ ഒന്നിലേക്ക് ചാര്‍ട്ടേഡ് വിമാനം സജ്ജമാക്കാമെന്നും പാകിസ്ഥാന്റെ ഓഫര്‍. പിസിബി ഔദ്യോഗികമായി ഇക്കാര്യം ബിസിസിഐയെ അറിയിച്ചിട്ടില്ല. ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കുന്ന മറ്റ് ഏഴ് ടീമുകളും പാകിസ്ഥാനിലെത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മത്സരങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് മാറ്റണം എന്നാണ് ഇപ്പോഴും ഇന്ത്യയുടെ ആവശ്യം. ഫെബ്രുവരി ഇരുപതിന് ബംഗ്ലാദേശിനെയും 23ന് പാകിസ്ഥാനെയും മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെയുമാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ നേരിടേണ്ടത്.

ഓടരുത് ഓടരുത്..! കാറി കൂവി സര്‍ഫറാസ്; റിഷഭ് പന്തിനെ റണ്ണൗട്ടില്‍ നിന്ന് രക്ഷിച്ച വീഡിയോ കാണാം

ബിസിസിഐ കടുംപിടുത്തം തുടരുകയാണെങ്കില്‍ ഐസിസി ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കോ ദുബായിലേക്കോ മാറ്റിയേക്കും. 2008ന് ശേഷം ഇന്ത്യ പാകിസ്ഥാനില്‍ കളിച്ചിട്ടില്ല. പാകിസ്ഥാന്‍ വേദിയായ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടത്തിയത്.

2012-2013ലാണ് പാകിസ്ഥാന്‍ അവസാനമായി ഇന്ത്യയില്‍ ദ്വിരാഷ്ട്ര പരമ്പര കളിച്ചത്. അതിനുശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും മത്സരിക്കുന്നത്. ഇതിനിടെ ഏകദിന, ടി20 ലോകകപ്പുകളില്‍ പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനില്‍ നടക്കേണ്ട ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലേക്കോ യുഎഇയിലേക്കോ മാറ്റണമെന്നാണ് ബിസിസിഐയും ആവശ്യപ്പെട്ടിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios