കൊവിഡ് മുക്തനാകാതെ ചെന്നൈയുടെ യുവതാരം; ക്വാറന്റീനില്‍ തുടരും
19ന് മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മത്സരത്തിന് മുമ്പ് റിതുരാജിന് ടീം ക്യാംപില്‍ തിരിച്ചെത്താനാവില്ലെന്ന് ഇതോടെ ഉറപ്പായി.
ദുബായ്: ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ യുവതാരം റിതുരാജ് ഗെയ്‌ക്‌വാദ് കൊവിഡ് മുക്തനാവാത്തത് ചെന്നൈ സൂപ്പര്‍ കിംഗ്സിന് തലവേദനയാകുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിലും റിതുരാജ് കൊവിഡ് പോസറ്റീവാണെന്ന് വ്യക്തമായി. ഇതോടെ താരത്തോട് ക്വാറന്റീനില്‍ തുടരാനും മറ്റ് കളിക്കാരുമായി ഇടപെടരുതെന്നും ചെന്നൈ ടീം മാനേജ്മെന്റ് നിര്‍ദേശിച്ചു.
19ന് മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മത്സരത്തിന് മുമ്പ് റിതുരാജിന് ടീം ക്യാംപില്‍ തിരിച്ചെത്താനാവില്ലെന്ന് ഇതോടെ ഉറപ്പായി. ഒരുമാസം മുമ്പ് ദുബായിലെത്തിയ ചെന്നൈ ടീമിലെ രണ്ട് കളിക്കാര്‍ക്ക് അടക്കം 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. റിതുരാജിനൊപ്പം കൊവിഡ് പോസറ്റീവായ പേസ് ബൗളര്‍ ദീപക് ചാഹര്‍ കൊവിഡ് മുക്തനായി ടീം അംഗങ്ങള്‍ക്കൊപ്പം പരിശീലനം പുനരാരംഭിക്കുകയും ചെയ്തിരുന്നു.
കോവിഡ് പൊസറ്റീവ് ആണെങ്കിലും റിതുരാജിന് മറ്റ് രോഗലക്ഷണങ്ങളൊന്നുമില്ലാത്തത് ചെന്നൈ ടീമിന് ആശ്വാസം നല്‍കുന്നുണ്ട്. സുരേഷ് റെയ്നയുടെ അഭാവത്തില്‍ 19ന് മുംബൈക്കെതിരായ ആദ്യ മത്സരത്തില്‍ അംബാട്ടി റായുഡു ആവും ചെന്നൈക്കായി മൂന്നാം നമ്പറില്‍ ഇറങ്ങുക എന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ കാര്യമായി തിളങ്ങാനാവാതിരുന്ന റായുഡുവിന് റെയ്നയുടെ അഭാവത്തില്‍ മികവ് കാട്ടാനുള്ള അവസരമാണിത്.