IPL 2022: ഉമ്രാന്‍റെ തീയുണ്ടകളെ അതിജീവിച്ച് റാഷിദും തെവാട്ടിയയും, ഹൈദരാബാദിനെതിരെ ഗുജറാത്തിന് അവിശ്വസനീയ ജയം

മാര്‍ക്കോ ജാന്‍സണ്‍ എറിഞ്ഞ അവസാന ഓവറില്‍ 22 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.  ആദ്യ പന്ത് തന്നെ സിക്സിന് പറത്തി തെവാട്ടിയ ഗുജറാത്തിന് പ്രതീക്ഷ നല്‍കി. രണ്ടാം പന്തില്‍ തെവാട്ടിയയുടെ സിംഗിള്‍. മൂന്നാം പന്തില്‍ റാഷിദ് ഖാന്‍റെ സിക്സ്, നാലാം പന്തില്‍ റണ്ണില്ല. ഗുജറാത്തിന് ജയിക്കാന്‍ രണ്ട് പന്തില്‍ ഒമ്പത് റണ്‍സ്.

IPL 2022: Gujarat Titans beat Sunrisers Hyderabad by 5 wickets in thriller

മുംബൈ: ഐപിഎല്ലില്‍(IPL 2022) ഉമ്രാന്‍ മാലിക്കിന്‍റെ തീയുണ്ടകള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ പൊരുതിയ രാഹുല്‍ തെവാട്ടിയയും റാഷിദ് ഖാനും ചേര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സിന് (Gujarat Titans vs Sunrisers Hyderabad)സമ്മാനിച്ചത് അവിശ്വസനീയ വിജയം. 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് അവസാന പന്തിലാണ് ജയത്തിലെത്തിയത്. 25 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഉമ്രാന്‍റെ പേസിന് മുന്നില്‍ തോല്‍വി ഉറപ്പിച്ചിടത്തുനിന്നാണ് അവസാന രണ്ടോവറില്‍ 35 റണ്‍സ് അടിച്ചെടുത്ത് തെവാട്ടിയയും റാഷിദും ചേര്‍ന്ന് ഗുജറാത്തിനെ ജയത്തിലേക്ക് നയിച്ചത്. ജയത്തോടെ ഗുജറാത്ത് പോയന്‍റ്പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്തായി.

മാര്‍ക്കോ ജാന്‍സണ്‍ എറിഞ്ഞ അവസാന ഓവറില്‍ 22 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.  ആദ്യ പന്ത് തന്നെ സിക്സിന് പറത്തി തെവാട്ടിയ ഗുജറാത്തിന് പ്രതീക്ഷ നല്‍കി. രണ്ടാം പന്തില്‍ തെവാട്ടിയയുടെ സിംഗിള്‍. മൂന്നാം പന്തില്‍ റാഷിദ് ഖാന്‍റെ സിക്സ്, നാലാം പന്തില്‍ റണ്ണില്ല. ഗുജറാത്തിന് ജയിക്കാന്‍ രണ്ട് പന്തില്‍ ഒമ്പത് റണ്‍സ്. അഞ്ചാം പന്തില്‍ വീണ്ടും റാഷിദിന്‍റെ സിക്സര്‍. ഒരു പന്തില്‍ ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ്. അവസാന പന്തില്‍ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ റാഷിദിന്‍റെ രണ്ടാം സിക്സര്‍. ഗുജറാത്തിന് അവിശ്വസനീയ ജയം. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 195-6, ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 199-5.

ഉദിച്ചുയര്‍ന്ന് ഉമ്രാന്‍

നേരത്തെ 196 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്തിനെ പിടിച്ചുകെട്ടിയത് ഉമ്രാന്‍ മാലിക്കിന്‍റെ അതിവേഗമായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിച്ച വൃദ്ധിമാന്‍ സാഹയും ശുഭ്നമാന്‍ ഗില്ലും ചേര്‍ന്ന് 7.4 ഓവറില്‍ 69 റണ്‍സടിച്ച ശേഷമാണ് വേര്‍പിരിഞ്ഞത്. ആദ്യം ഗില്ലിനെ(22) ക്ലീന്‍ ബൗള്‍ഡാക്കിയ ഉമ്രാന്‍ പിന്നാലെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ(10) മാര്‍ക്കോ ജാന്‍സന്‍റെ കൈകളിലെത്തിച്ചു. ഗുജറാത്തിന്‍റെ ടോപ് സ്കോററായ വൃദ്ധിമാന്‍ സാഹയും(38 പന്തില്‍ 68) ഡേവിഡ് മില്ലറും(17), അഭിനവ് മനോഹറും(0) ഉമ്രാന്‍റെ പേസിന് മുന്നില്‍ മറുപടിയില്ലാതെ മടങ്ങിയപ്പോള്‍ ഗുജറാത്ത് തോല്‍വി ഉറപ്പിച്ചതായിരുന്നു.

അവസാന നാലോവറില്‍ അഞ്ച് വിക്കറ്റ് കൈയിലിരിക്കെ 56 റണ്‍സായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്. രാഹുല്‍ തെവാട്ടിയയും(21 പന്തില്‍ 40*), റാഷിദ് ഖാനും(11 പന്തില്‍ 31*) നടത്തിയ അവശ്വസനീയ പോരാട്ടം ഗുജറാത്തിനെ അത്ഭുത ജയത്തിലെത്തിച്ചു. ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് നാലോവറില്‍ 25 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും(42 പന്തില്‍ 65), ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെയും(40 പന്തില്‍ 56) അര്‍ധസെഞ്ചുറികളുടെയും ശശാങ്ക് സിംഗിന്‍റെ(6 പന്തില്‍ 25*) ഫിനിഷിംഗിന്‍റെയും മികവിലാണ് 195 റണ്‍സിലെത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios