ക്രിക്കറ്റില്‍ നിന്ന് 'ബാറ്റസ്മാന്‍' ഔട്ട്; പുതിയ നിയമപരിഷ്കാരവുമായി എംസിസി
ലിംഗസമത്വം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി നിലവില്‍ കുറച്ചു മാധ്യമങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മാത്രമാണ് ബാറ്റര്‍, ബാറ്റേഴ്സ് എന്ന വാക്കുകള്‍ ഉപയോഗിക്കുന്നുള്ളൂ. ഇത് പൊതുമാനദണ്ഡമായി മത്സരങ്ങളിലും റിപ്പോര്‍ട്ടിഗിലും ഉപയോഗിക്കണമെന്നാണ് നിയമപരിഷ്കാരത്തിലൂടെ എംസിസി ലക്ഷ്യമിടുന്നത്.
ലണ്ടന്‍: ക്രിക്കറ്റില്‍ ലിംഗസമത്വം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ബാറ്റ്സ്മാന്‍ എന്ന വാക്ക് ഉപേക്ഷിക്കുന്നു. ക്രിക്കറ്റ് നിയമങ്ങള്‍ രൂപപ്പെടുത്തുന്ന മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബാണ്(Marylebone Cricket Club) ബാറ്റ്സ്മാന്‍(Batsman) ബാറ്റ്സ്മെന്‍(Batsmen) എന്നീ വാക്കുകള്‍ക്ക് പകരം ഇനി മുതല്‍ പൊതുവായി ബാറ്റര്‍(Batter), എന്നോ ബാറ്റേഴ്സ്(Batters) എന്നോ ഉപയോഗിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചരിക്കുന്നത്.
നിയമപരിഷ്കരണത്തിനുള്ള ഉപസമിതിയുടെ നിര്‍ദേശം എംസിസി സമിതിയും അംഗീകരിച്ചിട്ടുണ്ട്. ഇത് ഉടന്‍ നടപ്പിലാക്കണമെന്നാണ് എംസിസി നിര്‍ദേശം. ബാറ്റ്സ്മാന്‍, ബാറ്റ്സ്മെന്‍ എന്നീ വാക്കുകള്‍ക്ക് പകരം ബാറ്റര്‍, ബാറ്റേഴ്സ് എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ ക്രിക്കറ്റ് പുരുഷന്‍മാരുടെ മാത്രം കളിയല്ലെന്ന സന്ദേശം നല്‍കാനാവുമെന്നാണ് എംസിസിയുടെ വിലയിരുത്തല്‍.
ലിംഗസമത്വം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി നിലവില്‍ കുറച്ചു മാധ്യമങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മാത്രമാണ് ബാറ്റര്‍, ബാറ്റേഴ്സ് എന്ന വാക്കുകള്‍ ഉപയോഗിക്കുന്നുള്ളൂ. ഇത് പൊതുമാനദണ്ഡമായി മത്സരങ്ങളിലും റിപ്പോര്‍ട്ടിഗിലും ഉപയോഗിക്കണമെന്നാണ് നിയമപരിഷ്കാരത്തിലൂടെ എംസിസി ലക്ഷ്യമിടുന്നത്. 2017ല്‍ തന്നെ ഇത്തരമൊരു നിര്‍ദേശം വന്നിരുന്നെങ്കിലും അന്ന് അന്തിമ അംഗീകാരമായിരുന്നില്ല.
ക്രിക്കറ്റില്‍ പൊതുവായി ഉപയോഗിക്കുന്ന ഫീല്‍ഡര്‍, ബൗളര്‍ എന്നീ വാക്കുകള്‍ പോലെ ബാറ്റര്‍, ബാറ്റേഴ്സ് എന്നിവ ഉപയോഗിക്കാമെന്നാണ് എംസിസിയുടെ വിലയിരുത്തല്‍. രാജ്യാന്തര തലത്തില്‍ വനിതാ ക്രിക്കറ്റിന് വര്‍ധിച്ചുവരുന്ന ജനപ്രീതി കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എംസിസി എത്തിയത്. 2017ലെ വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് ഫൈനലും 2020ലെ വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ-ഓസ്ട്രേലിയ ഫൈനലും വനിതാ ക്രിക്കറ്റിന് വന്‍ ജനപ്രീതിയാണ് നേടിക്കൊടുത്തത്.
ക്രിക്കറ്റ് എന്നത് എല്ലാവിഭാഗങ്ങലില്‍ നിന്നുള്ളവരെയും ഉള്‍ക്കൊള്ളുന്ന മത്സരമാണെന്നും ഇതുകൂടി കണക്കിലെടുത്താണ് പുതിയ മാറ്റങ്ങളെന്നും എംസിസി അസി.സെക്രട്ടറി ജോമി കോക്സ് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.