ചരിത്രമെഴുതി 'ഗോട്ട്' സ്‌മിത്ത്, 9000 റണ്‍സ് ക്ലബില്‍; ദ്രാവിഡിനെയും ലാറയെയും പോണ്ടിംഗിനേയും പിന്തള്ളി
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്നിംഗ്‌സുകളുടെ കണക്കില്‍ ഏറ്റവും വേഗത്തില്‍ ഒന്‍പതിനായിരം റണ്‍സ് ക്ലബിലെത്തിയ രണ്ടാമത്തെ താരം സ്‌മിത്താണ്
ലോര്‍ഡ്‌സ്: സമകാലിക ടെസ്റ്റ് ക്രിക്കറ്റിലെ 'ഗോട്ട്' എന്ന വിശേഷണം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ച് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവന്‍ സ്‌മിത്ത്. ടെസ്റ്റ് കരിയറില്‍ സ്‌മിത്ത് 9000 റണ്‍സ് പൂര്‍ത്തിയാക്കി. ആഷസ് പരമ്പരയില്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റിനിടെയാണ് സ്‌മിത്തിന്‍റെ ചരിത്ര നേട്ടം. 9000 റണ്‍സ് ക്ലബിലെത്തുന്ന നാലാം ഓസീസ് ബാറ്റര്‍ മാത്രമാണ് സ്‌മിത്ത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്നിംഗ്‌സുകളുടെ കണക്കില്‍ ഏറ്റവും വേഗത്തില്‍ ഒന്‍പതിനായിരം റണ്‍സ് ക്ലബിലെത്തിയ രണ്ടാമത്തെ താരം എന്ന നേട്ടവും സ്റ്റീവ് സ്‌മിത്ത് പേരിലാക്കി. സ്‌മിത്ത് 174-ാം ഇന്നിംഗ്‌സിലാണ് നാഴികക്കല്ല് പൂര്‍ത്തിയാക്കിയത് എങ്കില്‍ 172 ഇന്നിംഗ്‌സുകളില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കിയ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര മാത്രമാണ് മുന്നിലുള്ളത്. 176 ഇന്നിംഗ്‌സുകളില്‍ ഒന്‍പതിനായിരം ക്ലബിലെത്തിയ ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്, 177 ഇന്നിംഗ്‌സുകള്‍ വീതം വേണ്ടിവന്ന വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗ് എന്നിവരെ സ്‌മിത്ത് പിന്നിലാക്കി. അറുപതിന് അടുത്ത് ബാറ്റിംഗ് ശരാശരിയോടെയാണ് സ്‌മിത്ത് എലൈറ്റ് പട്ടികയിലേക്ക് എത്തിയത്. കരിയറിനെ 99-ാം ടെസ്റ്റാണ് ലോര്‍ഡ്‌സില്‍ സ്‌മിത്ത് കളിച്ചുകൊണ്ടിരിക്കുന്നത്. 31 സെഞ്ചുറികള്‍ ക്രിക്കറ്റിന്‍റെ വലിയ ഫോര്‍മാറ്റില്‍ സ്‌മിത്തിന് ഇതിനകം നേടാനായി.
ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഓസീസ് ആദ്യദിനം പുരോഗമിക്കുമ്പോള്‍ മൂന്നാം സെഷനില്‍ സുരക്ഷിതമായ നിലയിലാണ്. മൂന്ന് വിക്കറ്റ് നഷ്‌ടമായ ഓസീസ് സ്കോര്‍ 200ന് അരികെയാണ്. കഴിഞ്ഞ ടെസ്റ്റിലെ ഹീറോ ഉസ്‌മാന്‍ ഖവാജ(70 പന്തില്‍ 17), തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍(88 പന്തില്‍ 66), മാര്‍നസ് ലബുഷെയ്‌ന്‍(93 പന്തില്‍ 47) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്. 55 ഓവറില്‍ സ്കോര്‍ 198-3ല്‍ നില്‍ക്കേ സ്റ്റീവ് സ്‌മിത്തും(43*), ട്രാവിസ് ഹെഡും(0*) ക്രീസില്‍ നില്‍ക്കുന്നു.
Read more: ഈ ആഷസിലെ ഏറ്റവും മികച്ച പന്തുകളിലൊന്ന്; കുറ്റി തെറിച്ചതറിയാതെ ഡേവിഡ് വാര്‍ണര്‍- വീഡിയോ