മരണത്തിലും ഒരുമിച്ച്; കൊവിഡിന് ശേഷം ശ്വാസകോശത്തിൽ അണുബാധ; ഇരട്ടസഹോദരങ്ങൾ മരിച്ചത് ഒരു ദിവസത്തെ വ്യത്യാസത്തിൽ
കൊവിഡ് ബാധയെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലം ഇരട്ടസഹോദരങ്ങളായ എഞ്ചിനീയർമാർ മരിച്ചത് ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ.
ലക്നൗ: കൊവിഡ് വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ലോകം. ഹൃദയഭേദകമായ വാർത്തകളും കാഴ്ചകളുമായി കൊവിഡുമായി ബന്ധപ്പെട്ട് നാം ഓരോ ദിവസവും നേരിട്ടുകൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നും ഹൃദയഭേദകമായ ഒരു വാർത്ത കൂടി പുറത്തു വന്നിട്ടുണ്ട്. കൊവിഡ് ബാധയെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലം ഇരട്ടസഹോദരങ്ങളായ എഞ്ചിനീയർമാർ മരിച്ചത് ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ. മൂന്നു മിനിറ്റ് വ്യത്യാസത്തിലാണ് ഇവരുടെ ജനനം. മരണത്തിലും ഇവർ തമ്മിൽ വളരെ ചെറിയ വ്യത്യാസമേ ഉണ്ടായിട്ടുള്ളൂ, ഒരു ദിവസം. ജോഫ്രഡ് വർഗീസ് ഗ്രിഗറി, റാൽഫ്രഡ് ജോർജ്ജ് ഗ്രിഗറി എന്നിവരാണ് കൊവിഡ് ബാധയെതുടർന്നുണ്ടായി ആരോഗ്യ പ്രതിസന്ധി മൂലം മരിച്ചത്.
ഏപ്രിൽ 24നാണ് ഇവർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവരുടെ മൂത്ത സഹോദരന് കൊവിഡ് ബാധിച്ചിരുന്നു. മെയ് 1ന് സഹോദരങ്ങൾ ആനന്ദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പിന്നീട് മെയ് 10 നെഗറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. മീററ്റിലെ സെന്റ് തോമസ് സ്കൂൾ അധ്യാപകരാണ് ഇവരുടെ മാതാപിതാക്കൾ. മെയ് 13 ന് രാത്രി 11 മണിക്കാണ് ഇരട്ടകളിലൊന്നായ ജോഫ്രഡ് മരിച്ചതായി ഇവർക്ക് സന്ദേശമെത്തുന്നത്. ശ്വാസസംബന്ധമായ പ്രശ്നങ്ങളുണ്ട് എന്ന് ജോഫ്രഡ് ഇവരെ അറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസം മെയ് 14 ന് റാൽഫ്രഡും മരണത്തിന് കീഴടങ്ങി.
മീററ്റിലെ വീട്ടിലിരുന്നായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചിരുന്നെങ്കിലും ശ്വാസകോശത്തിൽ അണുബാധ ഉണ്ടാകുകയും ഇവരുടെ ആരോഗ്യനില വഷളാകുകയും ചെയ്യുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona