മഴക്കാലം വരുന്നു, മുംബൈയിൽ കൊവിഡ് നിരക്ക് ഉയരുന്നു, ടിപിആർ 6%, ജാഗ്രത
കൊവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം മെയ് മാസത്തിൽ 231 ശതമാനം കൂടി എന്നതാണ് ആശങ്ക കൂട്ടുന്നത്. ഏപ്രിലിൽ മുംബൈയിലെ കൊവിഡ് കണക്കുകൾ കുറയുകയാണ് ചെയ്തത്.
മുംബൈ: വീണ്ടും മുംബൈയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്നലെ മാത്രം നഗരത്തിൽ റെക്കോഡ് ചെയ്യപ്പെട്ടത് 506 പുതിയ കൊവിഡ് കേസുകളാണ്. ഫെബ്രുവരി മുതൽ കുറഞ്ഞുവന്ന കൊവിഡ് നിരക്കാണിപ്പോൾ കുത്തനെ കൂടുന്നത്. ഫെബ്രുവരി 6-ന് ശേഷം (536 കേസുകൾ) ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്നലെയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിലെത്തി. മഴക്കാലം വരുന്നതോടെ ഇനിയും കേസുകൾ കൂടാനുള്ള സാധ്യത കണക്കിലെടുത്ത്, നഗരത്തിൽ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനാണ് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന്‍റെ തീരുമാനം.
യുദ്ധകാലാടിസ്ഥാനത്തിൽ ടെസ്റ്റിംഗ് കൂട്ടണമെന്ന് ഉദ്യോഗസ്ഥർക്ക് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ടെസ്റ്റിംഗ് ലാബുകളോട് തയ്യാറായിരിക്കണമെന്നും, സ്റ്റാഫ് എണ്ണം കൂട്ടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
''ദിവസം തോറും മുംബൈയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. മൺസൂൺ വരാനിരിക്കുന്നതിനാൽ രോഗലക്ഷണങ്ങളോടെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടാനാണ് സാധ്യത'', ബിഎംസി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
12 മുതൽ 18 വയസ്സ് വരെയുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും ബിഎംസി നിർദേശിക്കുന്നുണ്ട്. രോഗലക്ഷണങ്ങളോടെയുള്ള കേസുകൾ കൂടിയേക്കാമെന്നാണ് കണക്കുകൂട്ടലെന്നതിനാൽ, വലിയ താത്കാലികാശുപത്രികൾ വേണ്ടി വന്നാൽ തയ്യാറാക്കാനും, ആശുപത്രികളോട് തയ്യാറായിരിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്കും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. വാർഡ് തലത്തിലുള്ള വാർ റൂമുകളിൽ വേണ്ടത്ര സ്റ്റാഫും മെഡിക്കൽ ടീമുകളും ആംബുലൻസുമുണ്ടെന്ന് ഉറപ്പാക്കണം. ഇനി കൂടുതൽ രോഗികൾ ആശുപത്രിയിലെത്തിയാൽ മലാഡിലെ ജംബോ ആശുപത്രിയായിരിക്കും മുൻഗണനാക്രമത്തിൽ ആദ്യം രോഗികളെ പ്രവേശിപ്പിക്കാനുപയോഗിക്കുക.
മുംബൈയിൽ ഒമിക്രോണിന്‍റെ ബിഎ.4, ബിഎ5. വകഭേദങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് കേസുകളുടെ എണ്ണത്തിൽ ഇതുവരെ വൻകുതിച്ചുചാട്ടമുണ്ടാക്കിയിട്ടില്ല.
കൊവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം മെയ് മാസത്തിൽ 231 ശതമാനം കൂടി എന്നതാണ് ആശങ്ക കൂട്ടുന്നത്. ഏപ്രിലിൽ മുംബൈയിലെ കൊവിഡ് കണക്കുകൾ കുറയുകയാണ് ചെയ്തത്. ഇനി കൊവിഡ് കണക്കുകൾ കൂടിയാൽ, ലോക്ക്ഡൗൺ അല്ലാതെ വേറെ വഴിയില്ലെന്ന് മുംബൈ സിറ്റിയുടെ ചുമതലയുള്ള മന്ത്രി അസ്ലം ഷെയ്ഖ് വ്യക്തമാക്കിയിരുന്നു.
കൊവിഡ് വകഭേദം മുംബൈയിൽ കണ്ടെത്തി, വാർത്ത കാണാം: