യുവതിക്ക് ദുബൈയിലെ ജോലി വാഗ്ദാനം ലഭിച്ചത് ഓണ്‍ലൈനായി, ആവശ്യപ്പെട്ട പണം കൊടുത്തു; ഒടുവിൽ കേരള പൊലീസ് ഡല്‍ഹിയിൽ

പ്രമുഖ ഓണ്‍ലൈന്‍ സൈറ്റിലാണ് യുവതി ജോലിക്കായി രജിസ്റ്റര്‍ ചെയ്തത്. ദുബൈയിലെ ആശുപത്രിയില്‍ ജോലി വാഗ്ദാനവും ലഭിച്ചു. വ്യക്തിവിവരങ്ങള്‍ ശേഖരിച്ച് മറ്റൊരു സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച ശേഷമായിരുന്നു ജോലി വാഗ്ദാനം.

Woman get job offer at Dubai through online and paid the demanded money Kerala police arrest from delhi afe

കല്‍പ്പറ്റ: ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ഡല്‍ഹി സ്വദേശികളെ വയനാട് സൈബര്‍ പോലീസ് വലയിലാക്കി. ദുബൈയിലെ ആശുപത്രിയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പുല്‍പള്ളി സ്വദേശിനിയില്‍ നിന്ന് പണം തട്ടിയവരെയാണ് ആറു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഡല്‍ഹിയില്‍ ചെന്ന് പിടികൂടിയത്. ഡല്‍ഹി ഉത്തംനഗര്‍ സ്വദേശി ബല്‍രാജ് കുമാര്‍ വര്‍മ്മ(43), ബീഹാര്‍ സ്വദേശിയായ നിലവില്‍ ഡല്‍ഹി തിലക് നഗറില്‍ താമസിക്കുന്ന രവി കാന്ത്കുമാര്‍ (33) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് യുവതി തട്ടിപ്പിനിരയായത്. ജോലിക്കായി പ്രമുഖ ഓണ്‍ലൈന്‍ ജോബ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത യുവതിയുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. യുവതിയെ ബന്ധപ്പെട്ട തട്ടിപ്പ് സംഘം അവരുടെ വ്യാജ ജോബ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച് യുവതിയുടെ വിശ്വാസം നേടിയെടുത്തു. പിന്നീട് വിവിധ ആവശ്യങ്ങളിലേക്ക് എന്നു പറഞ്ഞ് പല സമയങ്ങളിലായി ലക്ഷങ്ങള്‍ വാങ്ങിയെടുത്തു. പിന്നീട് തട്ടിപ്പ് മനസിലാക്കിയ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

പൊലീസ് അന്വേഷണത്തില്‍ പണം വാങ്ങിയ ബാങ്ക് അക്കൗണ്ടുകള്‍ ബീഹാറിലും പരാതിക്കാരിയെ ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ ഡല്‍ഹിയിലും ആണെന്ന് സൈബര്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒടുവില്‍, ആറു മാസത്തെ വിശദമായ അന്വേഷത്തിനൊടുവിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.  കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തിയ പോലീസ്, ഡല്‍ഹി ഉത്തംനഗറിലും തിലക്‌നഗറിലും ദിവസങ്ങളോളം നടത്തിയ പരിശോധനക്കൊടുവിലാണ് പ്രതികളിലേക്ക് എത്തിയത്.

Read also:  എംവിഡി പിടിച്ചപ്പോള്‍ ലൈസന്‍സില്ല, വാട്സ്ആപ് വഴി അയച്ചുകൊടുത്തതില്‍ ചെറിയൊരു പ്രശ്നം; യുവാവ് അറസ്റ്റില്‍

സിം കാര്‍ഡുകള്‍ എടുക്കുന്നതിനും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും തട്ടിപ്പുകാര്‍ തിരിച്ചറിയല്‍ രേഖകളിലെ മേല്‍വിലാസം വ്യാപകമായി തിരുത്തുന്നതായി അന്വേഷണത്തില്‍ നിന്നും മനസിലായി. തുടര്‍ന്ന് തട്ടിപ്പ് സംഘത്തിന് മൊബൈല്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിച്ചു നല്‍കുന്ന ഉത്തംനഗര്‍ സ്വദേശിയായ ബല്‍രാജ് കുമാര്‍ വര്‍മ്മയെ പിടികൂടി. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബീഹാര്‍ സ്വദേശിയും എം.സി.എ ബിരുദധാരിയുമായ രവി കാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. 

ഇയാളുടെ അടുക്കല്‍ നിന്നും വ്യാജ ജോബ് വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നതിനുള്ള സോഴ്‌സ് കോഡ്, വെബ്‍സൈറ്റ് ഹോസ്റ്റ് ചെയ്ത സെര്‍വ്വര്‍ വിവരങ്ങള്‍,  നിരവധി ബാങ്ക് അക്കൗണ്ടുകള്‍, സിം കാര്‍ഡുകള്‍, പാസ് ബുക്ക്, ചെക്ക് ബുക്കുകള്‍, ലാപ് ടോപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ട്രാന്‍സിറ്റ് വാറന്റ് വാങ്ങി കല്‍പ്പറ്റ സി.ജെ.എം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണിപ്പോള്‍.

വയനാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വയനാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ഷജു ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ  കെ.എ. അബ്ദുള്‍ സലാം, അബ്ദുള്‍ ഷുക്കൂര്‍, എം.എസ്. റിയാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ  ജിസണ്‍ ജോര്‍ജ്, റിജോ ഫെര്‍ണാണ്ടസ് എന്നിവരാണ് പ്രതികളെ വലയിലാക്കിയത്.

ജോബ് സൈറ്റുകളുടെയും ഫോണ്‍വിളികളുടെയും ആധികാരികത പരിശോധിക്കണം- ജില്ല പോലീസ് മേധാവി
ജോബ് വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ ജോലി വാഗ്ദാനം ചെയ്ത് തങ്ങളെ സമീപിക്കുന്ന തൊഴില്‍ദാതാക്കളുടെ ആധികാരികത പരിശോധിക്കണമെന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ്. അംഗീകൃത സ്ഥാപനങ്ങള്‍ ഒ.ടി.പി, വ്യക്തിഗത ബാങ്കിംഗ് വിവരങ്ങള്‍, വലിയ തുകയായി രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ വാങ്ങാറില്ല. ഓണ്‍ലൈന്‍  തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പരിലോ www.cybercrime.gov.in എന്ന വൈബ് സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി  അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios