വീടില്ലാത്ത മൂന്നാം ക്ലാസുകാരന് അധ്യാപകനായി ഈ ട്രാഫിക് പൊലീസുകാരൻ; വൈറൽ ചിത്രം
സ്വന്തമായി വീടില്ലാത്ത ഇവർ പാതവക്കിലാണ് അന്തിയുറങ്ങിയിരുന്നത്.
കൊൽക്കത്ത: റോഡിലെ വാഹനങ്ങൾ നിയന്ത്രിക്കുക എന്നതാണ് (traffic Police) ഒരു ട്രാഫിക് പൊലീസുകാരന്റെ ഡ്യൂട്ടി. വെയിലും മഴയും വകവെക്കാതെ ഓരോ ട്രാഫിക് പൊലീസുകാരനും തങ്ങളുടെ ഉത്തരവാദിത്വം കൃത്യമായി നിർവ്വഹിക്കാറുമുണ്ട്. എന്നാൽ ഡ്യൂട്ടി ചെയ്യുന്നതോടൊപ്പം തന്നെ ഒരു കുട്ടിയുടെ (teacher) അധ്യാപകൻ കൂടിയാകുകയാണ് കൊൽക്കത്ത പൊലീസ് ട്രാഫിക് ഉദ്യോഗസ്ഥനായ (Prakash Ghosh) പ്രകാശ് ഘോഷ്. ഒരു പ്രാദേശിക ലേഖകൻ പകർത്തിയ ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തന്റെ ഡ്യൂട്ടിക്കപ്പുറം ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് കൂടി കൈത്താങ്ങാകാൻ ഇദ്ദേഹത്തിന് കഴിയുന്നു എന്നതാണ് ഈ സംഭവത്തിന്റെ പ്രത്യേകത.
കൊൽക്കത്ത പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഈ ചിത്രം പങ്കിട്ടിരുന്നു. സൗത്ത് കൊൽക്കത്തയിലെ ബാലിഗഞ്ച് ഐടിഐക്ക് സമീപമാണ് അദ്ദേഹം തന്റെ ഡ്യൂട്ടി നിർവ്വഹിച്ചിരുന്നത്. തൊട്ടടുത്തുള്ള ഭക്ഷണശാലയിൽ ജോലി ചെയ്യുന്ന അമ്മയെയും മകനെയും ഇദ്ദേഹം പരിചയപ്പെട്ടിരുന്നു. സ്വന്തമായി വീടില്ലാത്ത ഇവർ പാതവക്കിലാണ് അന്തിയുറങ്ങിയിരുന്നത്.
മൂന്നാം ക്ലാസുകാരനായ മകന് പഠനത്തിൽ താത്പര്യമില്ലെന്ന് തോന്നിയപ്പോഴാണ് അമ്മ പൊലീസ് ഉദ്യോഗസ്ഥനോട് തന്റെ ആശങ്ക പങ്കുവെച്ചത്. മകനെ പഠനത്തിൽ സഹായിക്കാമെന്ന് അദ്ദേഹം അമ്മക്ക് വാഗ്ദാനം ചെയ്തു. അങ്ങനെ ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ കുട്ടിയെ പഠനത്തിൽ സഹായിക്കാനും ആരംഭിച്ചു. ജോലിക്കിടെ ലഭിക്കുന്ന ഒഴിവുസമയത്താണ് അദ്ദേഹം മൂന്നാം ക്ലാസുകാരനായ കുട്ടിയെ പഠിപ്പിക്കുന്നത്. പാവപ്പെട്ട കുടുംബത്തോട് പൊലീസ് ഉദ്യോഗസ്ഥൻ പ്രകടിപ്പിക്കുന്ന അനുകമ്പയിൽ സമൂഹമാധ്യമങ്ങളൊന്നടങ്കം ആളുകൾ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്.