ധീരതക്കുളള പുരസ്കാരം നേടിയവരെക്കുറിച്ചറിയാം; വീർഗാഥ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രാലയം; നവംബർ 20 വരെ
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സിബിഎസ്ഇ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്ക് ഈ വീർഗാഥ പരിപാടിയിൽ പങ്കെടുക്കാം.
ദില്ലി: ധീരതക്കുള്ള അവാർഡ് നേടിയ വ്യക്തികളെക്കുറിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ (Students) അവബോധം സൃഷ്ടിക്കാൻ വീർഗാഥ (veer gatha project) പ്രോഗ്രാം സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം (Education Ministry). പ്രതിരോധ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒക്ടോബർ 21ന് ആരംഭിച്ച പദ്ധതി നവംബർ 20 വരെ നീണ്ടുനിൽക്കും. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സിബിഎസ്ഇ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്ക് ഈ വീർഗാഥ പരിപാടിയിൽ പങ്കെടുക്കാം.
ധീരതക്കുള്ള അവാർഡ് നേടിയ വ്യക്തികളെയും അവരുടെ പ്രവർത്തികളെയും അവരുടെ ജീവിതകഥയെയും കുറിച്ചുള്ള വിശദാംശങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനായിട്ടാണ് ഈ പദ്ധതി. ധീരതക്കുള്ള അവാർഡ് നേടിയ വ്യക്തികളെക്കുറിച്ച് പ്രൊജക്റ്റുകളും പ്രവർത്തനങ്ങളും നടത്താൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും പ്രതിരോധ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ധീരതക്കുള്ള അവാർഡ് ജേതാക്കളെക്കുറിച്ച് വ്യത്യസ്ത പ്രൊജക്റ്റുകൾ തയ്യാറാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും. മികച്ച പ്രൊജക്റ്റിന് 2022 ജനുവരി 26 ന് പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ തലത്തിൽ പാരിതോഷികം നൽകും. നമ്മുടെ സായുധ സേനാംഗങ്ങളുടെ വീര്യത്തിന്റെയും ത്യാഗത്തിന്റെയും വീരഗാഥകൾ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം 2021 ഒക്ടോബർ 21 മുതൽ നവംബർ 20 വരെ പ്രതിരോധ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം വീർഗാഥ പ്രോഗ്രാം സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ട്വീറ്റർ പേജിൽ കുറിച്ചിരിക്കുന്നു.