സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 6-ാം റാങ്ക് മലയാളിയായ ഗഹാന നവ്യ ജെയിംസിന്
ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ്. മലയാളിയായ ഗഹനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടി. മലയാളിയായ ആര്യ വി എം 36-ാം റാങ്കും കരസ്ഥമാക്കി.
ദില്ലി: യുപിഎസ്‍സി സിവിൽ സർവീസ് പരീക്ഷയിൽ ഇക്കുറി പെൺത്തിളക്കം. ആദ്യ പത്ത് പേരുടെ പട്ടികയിൽ ആറ് റാങ്കുകാരും പെൺകുട്ടികളാണ്. യുപി സ്വദേശി ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. മലയാളിക്ക് അഭിമാനമായി പാലാ സ്വദേശിനി ഗഹന നവ്യ ജയിംസ് ആറാം റാങ്ക് നേടി.
933 പേരുടെ റാങ്ക് പട്ടികയിൽ ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ്. ദില്ലി സർവകലാശാലയിൽ നിന്ന പഠനം പൂർത്തിയാക്കി ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. മൂന്നാം ശ്രമത്തിലാണ് ഇഷിത ഒന്നാം റാങ്കിൽ എത്തുന്നത്. യുപി ഗ്രേറ്റർ നോയിഡ സ്വദേശിയാണ്. ബീഹാറിലെ ബക്സറിൽ നിന്നുള്ള ഗരിമ ലോഹിയ്ക്കാണ് രണ്ടാം റാങ്ക്. ഹൈദരാബാദ് സ്വദേശി ഉമ ഹാരതിക്കാണ് മൂന്നാം റാങ്ക്, സമ്യതി മിശ്ര നാലാം റാങ്ക് നേടി. ആദ്യ നാല് റാങ്കുകാരും ദില്ലി സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയവരാണ്.
റാങ്ക് പട്ടികയിൽ കേരളത്തിന്റെ യശസ് ഉയർത്തി പാലാ സ്വദേശി ഗഹന നവ്യ ജയിംസ് ആറാം സ്ഥാനത്ത് എത്തി. കേരളത്തിൽ സ്കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗഹന പാലാ സെന്‍റ് തോമസ് കോളേജിൽ നിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കും നേടിയിരുന്നു. പരിശീലനം ഇല്ലാതെയാണ് ഉന്നത റാങ്ക് നേടിയത്. ഗഹനയുടെ അമ്മയുടെ സഹോദരൻ സിബി ജോർജ്ജ് ജപ്പാനിലെ ഇന്ത്യൻ അബാംസിഡറാണ്. ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേരാനാണ് തീരുമാനമെന്ന് ഗഹന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
റാങ്ക് പട്ടികയിൽ 36 സ്ഥാനത്ത് എത്തിയ ആര്യ വി എം തിരുവനന്തപുരം ബാലാരാമപുരം സ്വദേശിയാണ്. തിരുവനന്തപുരം വുമൺസ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആര്യ രണ്ടാം ശ്രമത്തിലാണ് ഉന്നത റാങ്കിൽ എത്തിയത്. 38-ാം റാങ്കുമായി അനൂപ് ദാസും, 55 റാങ്കുമായി എച്ച് എസ് ഭാവന, വൈഷ്ണവി പോൾ (62), എസ് ഗൗതം രാജ് (63), മാലിനി എസ് (81) എന്നിവരാണ് ആദ്യ നൂറിൽ ഇടം നേടിയ മലയാളികൾ. ജനറൽ വിഭാഗത്തിൽ നിന്നും 345 പേരും, ഇഡബ്ല്യുഎസ് വിഭാഗത്തിൽ നിന്നും 99 പേരും, ഒബിസി വിഭാഗത്തിൽ നിന്നും 263 പേരും എസ് സി വിഭാഗത്തിൽ നിന്നും 154 പേരും യോഗ്യത നേടി. എസ് ടി വിഭാഗത്തിൽ നിന്നും 72 പേരും ഇക്കുറി നേടി.