Happiness Curriculum : പ്രൈമറി സ്കൂളുകളിൽ 'ഹാപ്പിനെസ് കരിക്കുലം' ഉൾപ്പെടുത്താനൊരുങ്ങി യുപി സർക്കാർ
1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ഹാപ്പിനെസ് കരിക്കുലം പദ്ധതി പരിചയപ്പെടുത്തുന്നത്.
ലക്നൗ: പ്രൈമറി സ്കൂളുകളിൽ (Primary Schools) ഹാപ്പിനെസ് കരിക്കുലം (Happiness Curriculum) ഉൾപ്പെടുത്താനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ദില്ലിയിലെയും ഛത്തീസ്ഗഡിലെയും മാതൃക പിന്തുടർന്നാണ് പാഠ്യപദ്ധതിയിൽ ഹാപ്പിനെസ് കരിക്കുലം ഉൾപ്പെടുത്താനുളള തയ്യാറെടുപ്പുകൾ നടത്തുന്നത്. രാജ്യത്തോടും സമൂഹത്തോടും പ്രകൃതിയോടും സംവേദന ക്ഷമതയുളളവരായി വിദ്യാർത്ഥികൾ വളർന്നു വരിക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും അധികൃതർ അറിയിച്ചു. ഉത്തർപ്രദേശിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് കോഴ്സ് രൂപകൽപന ചെയ്യുന്നതെന്ന് സ്റ്റേറ്റ് എജ്യൂക്കേഷണൽ മാനേജ്മെന്റ് ആന്റ് ട്രെയിനിംഗിൽ ആറ് ദിവസത്തെ ശിൽപശാലയിൽ പങ്കെടുക്കാനെത്തിയ ഹാപ്പിനെസ് കരിക്കുലം സ്റ്റേറ്റ് ഇൻചാർജ് സൗരഭ് മാളവ്യ പിടിഐയോട് പറഞ്ഞു.
1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ഹാപ്പിനെസ് കരിക്കുലം പദ്ധതി പരിചയപ്പെടുത്തുന്നത്. സ്വയമായും കുടുംബത്തോടും സമൂഹത്തോടും ബന്ധം പുലർത്താൻ ഇതവരെ പ്രാപ്തരാക്കും. പരസ്പരബന്ധങ്ങൾ മനസ്സിലാക്കാനും സഹായിക്കും. കുട്ടികളെ ധ്യാനം പരിശീലിപ്പിക്കുമെന്നും മാളവ്യ വ്യക്തമാക്കി. 15 ജില്ലകളിലെ 150 സ്കൂളുകളോട് ഈ പാഠ്യപദ്ധതിയിൽ പങ്കു ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 1 മുതൽ 5 വരെ ക്ലാസുകളിലെ കുട്ടികൾക്കായി പാഠപുസ്തകം തയ്യാറാക്കും. 32 അധ്യാപകർക്ക് പരിശീലനം നൽകിയാണ് പാഠ്യപദ്ധതിയുടെ വിഷയം തയ്യാറാക്കുന്നതെന്നും അദ്ദേഹേം കൂട്ടിച്ചേർത്തു.
2022 ഏപ്രിൽ മുതലാണ് അടുത്ത സെഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഉത്തർപ്രദേശിൽ 130000 പ്രൈമറി സ്കൂളുകളിലായി ഏഴ് ലക്ഷം അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ വിലയിരുത്തലിന് ശേഷം എല്ലാ സ്കൂളുകളിലും ഹാപ്പിനെസ്സ് കരിക്കുലം ഉൾപ്പെടുത്താൻ ആലോചനയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.