യൂണിഫോമും ബാഗും പഠനസാമഗ്രികളും വാങ്ങാൻ രക്ഷിതാക്കളുടെ അക്കൗണ്ടിലേക്ക് പണം നൽകുമെന്ന് യുപി സർക്കാർ
യൂണിഫോം, ഷൂസ്, സോക്സ്, സ്വെറ്ററുകൾ, സ്കൂൾ ബാഗ് എന്നിവ വാങ്ങുന്നതിനായി വിദ്യാർത്ഥികൾക്ക് അവരുടെ രക്ഷിതാക്കളുടെ അക്കൗണ്ട് വഴി നേരിട്ട് പണം നൽകും. ഇതിനായി ഏകദേശം 1800 കോടി രൂപ ചെലവഴിക്കും.
ദില്ലി: സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ആവശ്യമായ യൂണിഫോം, ബാഗ്, ഷൂസ്, സോക്സ്, സ്വെറ്റര് എന്നിവ വാങ്ങാൻ ഇവരുടെ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സർക്കാർ, സർക്കാർ-എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സർക്കാർ സഹായം എത്തിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
യൂണിഫോം, ഷൂസ്, സോക്സ്, സ്വെറ്ററുകൾ, സ്കൂൾ ബാഗ് എന്നിവ വാങ്ങുന്നതിനായി വിദ്യാർത്ഥികൾക്ക് അവരുടെ രക്ഷിതാക്കളുടെ അക്കൗണ്ട് വഴി നേരിട്ട് പണം നൽകും. ഇതിനായി ഏകദേശം 1800 കോടി രൂപ ചെലവഴിക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. നിലവിൽ സ്കൂൾ പഠനത്തിനാവശ്യമായ വസ്തുക്കളെല്ലാം വിദ്യാർത്ഥികൾക്ക് സൗജന്യമായിട്ടാണ് നൽകുന്നത്. ഈ പദ്ധതി മുന്നോട്ട് കണ്ടുപോകുന്നതിന് വേണ്ടിയാണ് രക്ഷിതാക്കൾക്ക് നേരിട്ട് പണം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
സെപ്റ്റംബർ 1 മുതൽ ഉത്തർപ്രദേശിൽ സ്കൂളുകൾ തുറന്ന പ്രവർത്തിച്ചു തുടങ്ങിയിരുന്നു. അമ്പത് ശതമാനം വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തിയിരുന്നത്. അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും രണ്ട് ഡോസ് വാക്സീൻ ഉറപ്പാക്കിയാണ് സ്കൂളുകൾ തുറന്നത്. ഓൺലൈൻ ക്ലാസുകളും തുടർന്നു വന്നിരുന്നു.