എജ്യു-ടെക് കമ്പനികളെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിപ്പിക്കാൻ യുജിസി, എതിർപ്പുമായി പ്രതിപക്ഷം
സ്വയം ഭരണപദവിയുള്ള 900 കോളേജുകൾക്ക് ഓൺലൈൻ കോഴ്സുകൾ തുടങ്ങാൻ യുജിസി അനുമതി നൽകാനിരിക്കുകയാണ്
ദില്ലി: സ്വകാര്യ എജ്യു-ടെക്ക് കമ്പനികളെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിപ്പിക്കാനൊരുങ്ങി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ആലോചന. കമ്പനികളെ സർവകലാശാലകളുമായി സഹകരിപ്പിച്ച് ഇ-കോഴ്സുകൾ തുടങ്ങാനാണ് നീക്കം. ഇതിനായി യുജിസി വിദൂര വിദ്യാഭ്യാസ നിയമത്തിൽ ഭേദഗതി വരുത്തും. അതേസമയം വിദ്യാഭ്യാസ മേഖലയിൽ കച്ചവട ശക്തിപ്പെടുത്താനാണ് നീക്കമെന്ന് ആരോപിച്ച് വി ശിവദാസൻ എംപി രംഗത്ത് വന്നു.
സ്വയം ഭരണപദവിയുള്ള 900 കോളേജുകൾക്ക് ഓൺലൈൻ കോഴ്സുകൾ തുടങ്ങാൻ യുജിസി അനുമതി നൽകാനിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് സ്വകാര്യ എജ്യു - ടെക്ക് കമ്പനികളെ ഇതിനായി സഹകരിപ്പിക്കാനുള്ള ശ്രമം യുജിസി തുടങ്ങിയത്. പുതിയ അധ്യയന വർഷം മുതൽ ഇത് നടപ്പാക്കാനൊരുങ്ങുകയാണ് യുജിസി. ഈ കോഴ്സുകളുടെ സിലബസ്, മൂല്യനിർണ്ണയം അടക്കമുള്ള കാര്യങ്ങളിൽ സ്വകാര്യ എജ്യു - ടെക്ക് കമ്പനികളെ സഹകരിപ്പിക്കും.
കോഴ്സുകളുടെ വൈവിധ്യവത്കരണത്തിനും പുതിയ സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനുമാണ് യുജിസി നടപടി. ഇതിനായി യുജിസി 2020 ലെ വിദൂര വിദ്യാഭ്യാസ ചട്ടത്തിൽ ഭേദദഗതി വരുത്തും. ഇതിനായുള്ള കരട് മാർച്ച് ആദ്യവാരം പുറത്തിറക്കുമെന്നും യുജിസി വ്യക്തമാക്കി. അതേസമയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടക്കം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത് നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് എഐസിടിഇ നിലപാട്. യുജിസി തീരുമാനം വിദ്യാഭ്യാസ കച്ചവടം ലക്ഷ്യമിട്ടാണെന്ന വിമർശനമാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ഉന്നയിക്കുന്നത്. രാജ്യത്തെ ബിരുദ പഠനത്തിന്റെ 50 ശതമാനം 2035 ഓടെ ഓൺലൈനാക്കി മാറ്റുകയെന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിലെ ശുപാർശ. ഇത് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി ആവിഷ്ക്കരിക്കുന്നത്.
കരിക്കുലം നിശ്ചയിക്കേണ്ടത് കമ്പനികളല്ല: ഡോ. വി ശിവദാസൻ എംപി
യുജിസി തീരുമാനം വിദ്യാഭ്യാസ രംഗത്തെ കോർപറേറ്റ് വത്കരണത്തിനുള്ളതാണ്. പരമാവധി ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങളെ പോലെയാണ് എജ്യു-ടെക് കമ്പനികൾ. വിദ്യാഭ്യാസത്തിലെ ലാഭക്കൊതിക്ക് ഔദ്യോഗിക അംഗീകാരം നൽകുന്നതാണ് യുജിസി തീരുമാനം. പണമുണ്ടാക്കാനുള്ള എളുപ്പവഴിയാണിതെന്നും അദ്ദേഹം വിമർശിച്ചു.