എൻബിഎ അക്രഡിറ്റേഷൻ, വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വീണ്ടും നേട്ടം; അഭിമാനമായി രണ്ട് എഞ്ചിനീയറിംഗ് കോളേജുകൾ
പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിനാണ് എൻബിഎ അക്രെഡിറ്റേഷൻ ലഭിച്ചിരിക്കുന്നത് മലയോര മേഖലയുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അഭിമാനമായി മാറുകയാണ് ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജെന്ന് മന്ത്രി പറഞ്ഞു
തിരുവനന്തപുരം: എൻബിഎ അക്രഡിറ്റേഷൻ നേടി കേരളത്തിന് അഭിമാനമായി മാറി രണ്ട് എഞ്ചിനീയറിംഗ് കോളേജുകൾ. ഇടുക്കിയിലെ ഗവ. എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരത്തെ എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻസ് പൂജപ്പുര എന്നീ കോളേജുകളാണ് മികവിന്റെ നേട്ടം സ്വന്തമാക്കിയിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. കൂടാതെ പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളേജ് നില മെച്ചപ്പെടുത്തിയിട്ടുമുണ്ട്.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകൾക്കാണ് ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് എൻബിഎ അക്രെഡിറ്റേഷൻ ലഭിച്ചത്. സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ നാല് പ്രോഗ്രാമുകൾക്കാണ് എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻസ് പൂജപ്പുര ഈ നേട്ടം കരസ്ഥമാക്കിയത്.
പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിനാണ് എൻബിഎ അക്രെഡിറ്റേഷൻ ലഭിച്ചിരിക്കുന്നത് മലയോര മേഖലയുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അഭിമാനമായി മാറുകയാണ് ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും കേരളത്തിനാകെയും സന്തോഷം പകരുന്നതാണീ നേട്ടം.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ തിളക്കത്തിന് കൂടുതൽ മിഴിവേകിയിരിക്കുന്നതിൽ അഭിമാനം. തിളക്കമാർന്ന നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻപേർക്കും അനുമോദനങ്ങളെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ, രാജ്യത്തെ ഇരുന്നൂറ് മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 42 കോളജുകൾ സംസ്ഥാനത്ത് നിന്നാണെന്ന ചരിത്രനേട്ടത്തിലേക്ക് ഉയരാനും കേരളത്തിന് സാധിച്ചിരുന്നു. എൻഐആർഎഫ് റാങ്കിങ്ങിൽ വൻ നേട്ടമാണ് കേരളം പേരിലെഴുതി ചേര്‍ത്തത്. രാജ്യത്തെ മികച്ച കോളേജുകളുടെ ആദ്യത്തെ നൂറു റാങ്കില്‍ സംസ്ഥാനത്തെ 14 കോളജുകള്‍ ഇടം പിടിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...