Tribal Woman Sub Inspector : അച്ഛന്റെ ആ​ഗ്രഹം പൂർത്തിയാക്കി സബ് ഇൻസ്പെക്ടർ സൗമ്യ; അച്ഛനില്ലെന്ന സങ്കടം മാത്രം

തന്റെ നേട്ടത്തിൽ സന്തോഷിക്കാൻ അച്ഛനില്ലെന്ന സങ്കടത്തിലാണ് കണ്ണൂരിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റ ഇ യു സൗമ്യ. കഴിഞ്ഞ ജനുവരിയിലാണ് ഊരുമൂപ്പൻ ഉണ്ണിച്ചെക്കൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 

tribal woman got job as sub inspector

കണ്ണൂർ: മകൾ സർക്കാർ സര്‍വ്വീസില്‍ സേവനം ചെയ്യണമെന്നായിരുന്നു തൃശൂർ പാലപ്പിളളി എലിക്കോട് ആദിവാസി ഊരിലെ ഊരുമൂപ്പൻ ഉണ്ണിച്ചെക്കന്റെ ഏറ്റവും വലിയ ആ​ഗ്രഹം. (Sub Inspector) എന്നാൽ മകൾ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റപ്പോൾ അത് കാണാൻ ഉണ്ണിച്ചെക്കനുണ്ടായിരുന്നില്ല. തന്റെ നേട്ടത്തിൽ സന്തോഷിക്കാൻ അച്ഛനില്ലെന്ന സങ്കടത്തിലാണ് കണ്ണൂരിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റ (E U Saumya) ഇ യു സൗമ്യ. കഴിഞ്ഞ ജനുവരിയിലാണ് ഊരുമൂപ്പൻ ഉണ്ണിച്ചെക്കൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 

അധ്യാപക ജോലിയിൽ നിന്നാണ് സൗമ്യ പൊലീസ് യൂണിഫോമിലേക്കെത്തുന്നത്. തൃശൂർ കേരള വർമ്മ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ‌ ബിരുദാനന്തരബിരുദം നേടി. ബിഎഡ്ന് ശേഷം പഴയന്നൂർ തൃക്കണായ ​ഗവ യുപി സ്കൂളിൽ അധ്യാപക ജോലിയിൽ പ്രവേശിച്ചു. സിവിൽ  സർവ്വീസിനോടായിരുന്നു താത്പര്യമെന്നും സൗമ്യ പറയുന്നു. എന്നാൽ ജീവിതത്തിൽ നേരിടേണ്ടി വന്ന അവ​ഗണനകളും അനുഭവങ്ങളുമാണ് പൊലീസ് യൂണിഫോമിനോട് താത്പര്യം തോന്നാൻ കാരണമായതെന്നും സൗമ്യയുടെ വാക്കുകൾ. 

അച്ഛൻ മരിക്കുന്ന സമയത്ത് രാമവർമ്മപുരം പൊലീസ് ക്യാംപിൽ പരിശീലനത്തിലായിരുന്നു സൗമ്യ. അമ്മ മണിയുടെയും ഭർത്താവ് ടിഎസ് സുബിന്റെയും പിന്തുണയോടെയാണ് അച്ഛന്റെ ആ​ഗ്രഹം നിറവേറ്റാൻ സാധിച്ചതെന്നും സൗമ്യ അഭിമാനത്തോടെ പറയുന്നു. ‘മുൻകാലങ്ങളെ അപേക്ഷിച്ച് ആദിവാസി മേഖലയിൽനിന്നുള്ള കുട്ടികൾ വിദ്യാഭ്യാസപരമായി ഏറെ മുന്നേറുന്നുണ്ട്. എന്നാൽ‌  സർക്കാർ ഉദ്യോഗത്തിലേക്കും മറ്റും എത്തുന്നവരുടെ എണ്ണം ഇപ്പോഴും പരിമിതമായി തന്നെ അവശേഷിക്കുന്നു. ഈ സാഹചര്യം മാറണം. തൊഴിലധിഷ്ഠിത കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും പി.എസ്.സി. യുടേതുൾപ്പെടെയുള്ള പരീക്ഷകൾക്കും വിദ്യാർഥികളെ കൂടുതൽ സജ്ജരാക്കണം.’  തന്റെ നേട്ടം ആദിവാസി മേഖലയിലെ കുട്ടികൾക്ക് പ്രചോദനമാകണമെന്ന് ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്നുവെന്നും സൗമ്യ പറഞ്ഞു. 

പാസിം​ഗ് ഔട്ട് പരേഡ് പൂർത്തിയാക്കി പൊലീസ് യൂണിഫോമിൽ മുന്നിലെത്തിയ മകളെ ചേർത്തണച്ച് ഉമ്മ വെച്ചാണ് അമ്മ മണി സ്വീകരിച്ചത്. പാലപ്പിളളി എലിക്കോട് ആദിവാസി കോളനിയിൽ നിന്നുള്ള ആദ്യ പൊലീസ് ഇൻസ്പെക്ടടർ കൂടിയാണ് സൗമ്യ. ഊരുമൂപ്പനായിരുന്ന ഉണ്ണിച്ചെക്കൻ മകൾ സർക്കാർ സർവ്വീസിൽ ജോലി ചെയ്യണമെന്ന് അതിയായി ആ​ഗ്രഹിച്ചിരുന്നു. അതു കൊണ്ട് തന്നെ തനിക്ക് പൊലീസ് വകുപ്പിൽ ജോലി ലഭിച്ചപ്പോൾ സൗമ്യക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.  വനമേഖലയിൽ ഫയർലൈൻ നിർമ്മിക്കുകയായിരുന്ന ഉണ്ണിച്ചെക്കൻ ഒറ്റയാന്റെ മുന്നിൽ അകപ്പെടുകയായിരുന്നു. 

കണ്ണൂർ സിറ്റി പരിധിയിലാണ് സൗമ്യക്ക് നിയമനം ലഭിച്ചിരിക്കുന്നത്. സ്റ്റേഷൻ ഏതാണെന്ന് കൃത്യമായ നിർദ്ദശം ലഭിച്ചിട്ടില്ല. 5 വനിതകളുൾപ്പെടെ 34 പേരാണ് കണ്ണൂർ എആർ ക്യാംപിൽ സബ് ഇൻസ്പെക്ടറായി ചുമതല വഹിക്കാനൊരുങ്ങുന്നത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios