Best Worker Award : തൊഴിലിലെ മികവിന് തൊഴിലാളിശ്രേഷ്ഠ അവാർഡ്: ഓൺലൈൻ അപേക്ഷ മാർച്ച് 7 വരെ
സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ, തൊഴിലാളികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി, ഏറ്റവും മികച്ച തൊഴിലാളികൾക്കാണ് കേരള സർക്കാർ തൊഴിലാളിശ്രേഷ്ഠ അവാർഡ് നൽകുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മേഖലകളിൽപെട്ട (best workers) മികച്ച തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് (Thozhilali Shreshta Award) അപേക്ഷ ക്ഷണിച്ചു. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ, തൊഴിലാളികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി, ഏറ്റവും മികച്ച തൊഴിലാളികൾക്കാണ് കേരള സർക്കാർ തൊഴിലാളിശ്രേഷ്ഠ അവാർഡ് നൽകുന്നത്.
സെക്യൂരിറ്റി ഗാർഡ്, ചുമട്ടുതൊഴിലാളി, നിർമ്മാണ തൊഴിലാളി, ചെത്ത് തൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, തോട്ടം തൊഴിലാളി, സെയിൽസ്മാൻ/ സെയിൽസ്‌വുമൺ, നഴ്‌സ്, ഗാർഹിക തൊഴിലാളി, ടെക്‌സ്റ്റൈൽ മിൽ തൊഴിലാളി, കരകൗശല, വൈദഗ്ദ്ധ്യ-പാരമ്പര്യ തൊഴിലാളി, മാനുഫാക്ചറിംഗ്-പ്രോസസ്സിംഗ് മേഖലയിലെ തൊഴിലാളി, മത്സ്യത്തൊഴിലാളി (മത്സ്യബന്ധന, വില്പന തൊഴിലാളികൾ) എന്നീ 17 മേഖലകളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം . ഓരോ മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഓരോ മികച്ച തൊഴിലാളിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും വീതം നൽകും.
ഈമാസം 7 വരെ തൊഴിലാളികൾക്ക് ലേബർകമ്മീഷണറുടെ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ നൽകാം. തൊഴിലിലെ അറിവും നൈപുണ്യവും, അച്ചടക്കം, കൃത്യനിഷഠ, സഹപ്രവർത്തകരോടും ഉപഭോക്താക്കളോടുമുള്ള പെരുമാറ്റം, ശുചിത്വബോധം തുടങ്ങിയ പതിനൊന്ന് മാനദണ്ഡങ്ങളാണ് ശ്രേഷ്ഠ തൊഴിലാളിയെ കണ്ടെത്തുന്നതിന് ആസ്പദമാക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്കും എൻട്രികൾ സമർപ്പിക്കുന്നതിനും lc.kerala.gov.in പോർട്ടലിൽ തൊഴിലാളി ശ്രേഷ്ഠ എന്ന ലിങ്ക് സന്ദർശിക്കുക.
തൊഴിലാളിയില്‍ നിന്നും പതിനഞ്ചു ചോദ്യങ്ങളടങ്ങിയ ചോദ്യാവലി ഉള്‍പ്പെടുന്ന നോമിനേഷനും തൊഴിലാളിയെക്കുറിച്ച് തൊഴിലുടമ, ട്രേഡ് യൂണിയന്‍ പ്രതിനിധി എന്നിവരുടെ അഭിപ്രായവും ഓണ്‍ലൈന്‍ ആയി ശേഖരിച്ച്, സോഫ്റ്റ് വെയര്‍ മുഖേന മാര്‍ക്ക് കണക്കാക്കും.തുടര്‍ന്ന് ലേബര്‍ കമ്മീഷണര്‍ നിശ്ചയിക്കുന്ന കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയട്ടുള്ള തൊഴിലാളികളെ മൂന്ന് ഘട്ടങ്ങളിലായുള്ള ഇന്റര്‍വ്യൂ നടത്തിയതിനു ശേഷമാണ് ഏറ്റവും മികച്ച തൊഴിലാളിയെ തെരഞ്ഞെടുക്കുന്നത്.