തൊഴിൽസഭയ്ക്ക് ഉജ്വല തുടക്കം; ആദ്യ തൊഴിൽസഭയിൽ ഒന്നാംഘട്ട അഭിമുഖത്തിൽ പങ്കെടുത്ത് 29 പേർ
തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന കേരള സർക്കാറിന്റെ നിലപാടിന്റെ തുടർച്ചയാണ് തൊഴിൽ സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിലവസരം വർധിപ്പിക്കുന്നതിനുള്ള ജനകീയ പദ്ധതി എന്ന നിലയിലുള്ളതാണ് തൊഴിൽ സഭയെന്ന ആശയം.
തിരുവനന്തപുരം: യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ സഭയ്ക്ക് കണ്ണൂർ പിണറായിയിൽ ഉജ്വല തുടക്കം. ആദ്യ തൊഴിൽ സഭയിൽ കെ ഡിസ്‌കിന്റെ നേതൃത്വത്തിൽ നടന്ന കൗൺസിലിംഗിൽ 29 തൊഴിൽ അന്വേഷകർ ആദ്യഘട്ട തൊഴിൽ അഭിമുഖത്തിൽ പങ്കെടുത്തു. 9 തൊഴിൽദായകരാണ് കൗൺസിലിംഗിനായി എത്തിയത്. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് തൊഴിൽ സാധ്യതകളെയും സംരംഭങ്ങളെയും കുറിച്ച് തൊഴിൽ സഭാ അംഗങ്ങൾ ചർച്ച ചെയ്തു. ഒരേ അഭിരുചിയുള്ളവർ ചേർന്ന് തൊഴിൽ ക്ലബ്ബുകളും രൂപീകരിച്ചു.
സ്വന്തം വാർഡിലെ തൊഴിൽ സഭയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് തൊഴിൽ സഭയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചത്. പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു. തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന കേരള സർക്കാറിന്റെ നിലപാടിന്റെ തുടർച്ചയാണ് തൊഴിൽ സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിലവസരം വർധിപ്പിക്കുന്നതിനുള്ള ജനകീയ പദ്ധതി എന്ന നിലയിലുള്ളതാണ് തൊഴിൽ സഭയെന്ന ആശയം. പുതിയ ഒരു കേരള മാതൃകയാണ് തൊഴിൽ സഭ മുന്നോട്ടുവെക്കുന്നത്. കേരളത്തിന്റേത് ബദൽ ഇടപെടലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനകീയ ഇടപെടലിന്റെ പുതിയ മാതൃകയാണ് തൊഴിൽ സഭയിലൂടെ കേരളം മുന്നോട്ട് വെക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രാദേശിക സംരംഭകത്വം വർധിപ്പിച്ച്, തൊഴിൽ സാധ്യകൾ കൂട്ടി, വരുമാനം വർദ്ധിപ്പിക്കാനുള്ള ബദൽ ഇടപെടലാണ് തൊഴിൽസഭയെന്നും മന്ത്രി പറഞ്ഞു.
ഇടമലക്കുടിയിലെ ആദിവാസി ഗോത്രവിഭാഗ കുട്ടികൾ ഇനി തെളിമയോടെ മലയാളം എഴുതും, സംസാരിക്കും
പ്രാദേശികമായി യുവാക്കളെ സംഘടിപ്പിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൊഴിലിലേക്ക് എത്തിക്കാനുള്ള ഈ പുത്തൻ ആശയം ലോകത്ത് തന്നെ ആദ്യത്തേതാണ്. തൊഴിലന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലിലേക്ക് നയിക്കുകയുമാണ് തൊഴിൽസഭകളിലൂടെ ലക്ഷ്യമിടുന്നത്. ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയും, ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിയും, കെ ഡിസ്‌ക് വഴി ഇരുപത് ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയുമെല്ലാം തൊഴിൽ സഭകളുടെ സഹകരണത്തോടെയാകും മുന്നോട്ടുപോവുക.
മുൻ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററാണ് തൊഴിൽ സഭ എന്ന ആശയം മുന്നോട്ടുവെച്ചത്. വ്യത്യസ്ത വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങളെ തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ ഏകോപിപ്പിച്ചുകൊണ്ട് സർക്കാർ സംവിധാനങ്ങളുടെയും സ്വകാര്യ മേഖലകളുടെയും സഹായം തൊഴിൽ അന്വേഷകരിലേക്ക് നേരിട്ടെത്തിക്കുക എന്നതും തൊഴിൽ സഭയുടെ പ്രധാന ലക്ഷ്യമാണ്. തൊഴിൽ മേഖലയിലെ കേരളത്തിന്റെ മഹാമുന്നേറ്റമാകുന്ന തൊഴിൽ സഭകൾ വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അഭ്യർഥിച്ചു.