വലിയ ലൈബ്രറികളുള്ള സ്‌കൂളുകളിൽ പാർട്ട് ടൈം ലൈബ്രേറിയനെ നിയമിക്കുന്നത് പരിഗണിക്കും: വി. ശിവൻകുട്ടി

സ്‌കൂൾ ലൈബ്രറികൾ ശക്തിപ്പെടുത്തി വിദ്യാർഥികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ പദ്ധതിയാണ് 'വായനയുടെ വസന്ത'ത്തിലൂടെ സർക്കാർ നടപ്പാക്കുന്നത്. 

The appointment of a part time librarian in schools with large libraries

തിരുവനന്തപുരം: 10,000 പുസ്തകങ്ങളുള്ള സംസ്ഥാനത്തെ (School Library) സ്‌കൂൾ ലൈബ്രറികളിൽ പാർട്ട് ടൈം ലൈബ്രേറിയെ നിയമിക്കുന്ന (Part Time Librarian) കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 'വായനയുടെ വസന്തം' പദ്ധതിപ്രകാരം സ്‌കൂളുകൾക്കു നൽകുന്ന 9.58 കോടി രൂപയുടെ പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂൾ ലൈബ്രറികൾ ശക്തിപ്പെടുത്തി വിദ്യാർഥികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ പദ്ധതിയാണ് 'വായനയുടെ വസന്ത'ത്തിലൂടെ സർക്കാർ നടപ്പാക്കുന്നതെന്നു മന്ത്രി പറഞ്ഞു. സ്‌കൂൾ ലൈബ്രറി, ലാബ് എന്നിവ സംബന്ധിച്ച് അധ്യാപകർക്കു പ്രത്യേക പരിശീലനം നൽകും. ചെറിയ ലൈബ്രറിയുള്ള സ്‌കൂളുകളിൽ, വായനയിൽ താത്പര്യമുള്ള അധ്യാപകന് ലൈബ്രറിയുടെ ചുമതല നൽകും. സ്‌കൂൾ ലൈബ്രറിയിലേക്കു പുസ്തകങ്ങൾ നൽകുന്ന പദ്ധതിയിൽ പ്രസാധകർ കൂടുതൽ താത്പര്യം കാണിക്കണം. പ്രിന്റ് ചെയ്തു വച്ചിരിക്കുന്ന പുസ്തകങ്ങൾ വിൽക്കുന്ന ഇടമാക്കി ഇതിനെ മാറ്റാൻ അനുവദിക്കില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനു യോഗ്യമായതും ഉപരിപഠനത്തിനു പ്രയോജനപ്പെടുന്നതുമായ പുസ്തകങ്ങളായിരിക്കണം വിതരണം ചെയ്യേണ്ടത്. 93 പ്രസാധകരുടെ 9.58 കോടിയുടെ പുസ്തകങ്ങളാണു പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പൊതുവിദ്യാഭ്യാസ വകുപ്പിൽ അനാരോഗ്യകരമായ ഒരു നടപടിയും വച്ചുപൊറുപ്പിക്കില്ലെന്നു മന്ത്രി പറഞ്ഞു. ഇത്തരക്കാർക്കെതിരേ ശക്തമായ നടപടിയുണ്ടാകും. അനാവശ്യമായി ഫയലുകൾ പൂഴ്ത്തിവയ്ക്കുന്നവർക്കെതിരേയും നടപടിയെടുക്കും. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് ഫയൽ അദാലത്ത് നടത്തും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. പരീക്ഷയെഴുതുന്നവർക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാകും കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ സംസ്ഥാനത്തു നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

വായനയുടെ വസന്തം പദ്ധതി
സ്കൂൾ ലൈബ്രറികൾ പുസ്തകങ്ങൾ കൊണ്ട് നിറയും. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന "വായനയുടെ വസന്തം" പദ്ധതി പ്രകാരം സ്‌കൂളുകൾക്ക് നൽകുന്നത് 9.58 കോടി രൂപയുടെ പുസ്തകങ്ങൾ. സ്‌കൂൾ ലൈബ്രറികൾക്ക് ഗുണപരമായ പുസ്തകങ്ങൾ നൽകുന്ന "വായനയുടെ വസന്തം " പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. SIET തയ്യാറാക്കിയ ഓണ്‍ലൈൻ പോര്‍ട്ടല്‍ മുഖേന 1438 സ്കൂളുകളാണ് പുസ്തകങ്ങള്‍ ഇന്‍ഡന്‍റ് ചെയ്തിട്ടുള്ളത്. കൂടാതെ ഈ വര്‍ഷം 85 തമിഴ് മീഡിയം സ്കൂളുകള്‍ക്കും 96 കന്നട മീഡിയം സ്കൂളുകള്‍ക്കും ഈ ഭാഷകളിലുള്ള ലൈബ്രറി പുസ്തകങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ആകെ 1619 സ്കൂളുകള്‍ ആണ് ഈ വര്‍ഷം ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സ്കൂളുകള്‍ ഇന്‍ഡന്‍റ് ചെയ്തിട്ടുള്ള പുസ്തകങ്ങളുടെ ആകെ എണ്ണം 6,73,621 ആണ്. 9.58 കോടി രൂപയാണ് ഈ വര്‍ഷം ആകെ ഈ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ആകെ 93 പ്രസാധകര്‍ ആണ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ഒരു ദിവസം രണ്ട് ജില്ലകളില്‍ പുസ്തക മേള നടത്തിക്കൊണ്ട് 7 ദിവസം കൊണ്ട് വിതരണം പൂര്‍ത്തിയാക്കും.
 


 

Latest Videos
Follow Us:
Download App:
  • android
  • ios