വരന്റെ വേഷത്തിൽ ഓൺലൈൻ ക്ലാസിൽ അധ്യാപകൻ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ; കാരണമിതാണ്...
സമകാലിക വിഷയങ്ങളിൽ യൂട്യൂബ് അധിഷ്‌ഠിത ക്ലാസുകൾക്ക് പേരുകേട്ട അധ്യാപകനാണ് പ്രിയേ കുമാർ ഗൗരവ്.
രാജസ്ഥാൻ: വിവാഹദിനത്തിലും (wedding day) ഓൺലൈൻ ക്ലാസുകൾക്ക് (online classes) മുടക്കം വരുത്താതെ (teacher) അധ്യാപകൻ. രാജസ്ഥാനിലെ ആൽവാറിൽ നിന്നുള്ള പ്രിയേകുമാർ ഗൗരവ് ആണ് വിവാഹ വേഷത്തിൽ ഓൺലൈൻ പ്രഭാഷണം നടത്തുന്നത്. സമകാലിക വിഷയങ്ങളിൽ യൂട്യൂബ് അധിഷ്‌ഠിത ക്ലാസുകൾക്ക് പേരുകേട്ട അധ്യാപകനാണ് പ്രിയേ കുമാർ ഗൗരവ്. ഓൺലൈൻ ലോകത്ത് വൈറലായിരിക്കുകയാണ് ഇപ്പോൾ ഇദ്ദേഹം.
ക്ലാസുകളൊന്നും നഷ്ടപ്പെടുത്തേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു, ലീവ് എടുത്തില്ല. തിങ്കളാഴ്ചയായിരുന്നു വിവാഹം. അധ്യാപകർക്കായുള്ള അഭിനന്ദന വാരാചരണത്തിന്റെ തുടക്കമാണ് മെയ് 2. എല്ലാവർഷവും മെയ് 2 മുതൽ 6 വരെയാണ് ഇത് ആഘോഷിക്കുന്നത്. വിവാഹ വേഷത്തിൽ ഓൺലൈൻ ക്ലാസിലെത്തിയ അധ്യാപകനെക്കണ്ട് വിദ്യാർത്ഥികളും ഞെട്ടി. മാത്രമല്ല, വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം തൊട്ടടുത്ത ദിവസത്തെ ക്ലാസുകൾക്കുള്ള തയ്യാറെടുപ്പുകളിലേക്കാണ് അദ്ദേഹം പോയത്.
“ഏകദേശം അഞ്ച് മാസം മുമ്പ് അദ്ദേഹം വിവാഹ തീയതി അറിയിച്ചിരുന്നു. സാധാരണയായി, 4-5 ദിവസത്തെ അവധിയാണ് അനുവദിക്കാറുള്ളത്, എന്നാൽ ഒരു ക്ലാസും നഷ്ടപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വിവാഹദിനത്തിലും പ്രഭാഷണങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.' കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധികാരികളിലൊരാളായ നിർമ്മൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു, വിവാഹ വസ്ത്രം ധരിച്ച് ക്ലാസെടുക്കുന്ന അധ്യാപകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം ചർച്ചയായി. കുമാറിന്റെ സമർപ്പണത്തെ നിരവധി ട്വിറ്റർ ഉപയോക്താക്കൾ അഭിനന്ദിച്ചു.