മണാലിയിൽ നിന്ന് ലേയിലേക്ക് 156 മണിക്കൂർ കൊണ്ട് 480 കിലോമീറ്റർ ഓട്ടം; റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ആദ്യ വനിത
മണാലിയിൽ നിന്ന് ലേ വരെ 156 മണിക്കൂർ കൊണ്ട് 480 കിലോമീറ്റർ ദൂരം ഓടി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് സൂഫിയ ഖാൻ എന്ന വനിത. ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ വനിതയും സുഫിയയാണ്.
മണാലിയിൽ നിന്ന് ലേ വരെ 156 മണിക്കൂർ കൊണ്ട് 480 കിലോമീറ്റർ ദൂരം ഓടി (Guinnes record) ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് സൂഫിയ ഖാൻ (Sufiya Khan) എന്ന വനിത. ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ വനിതയും സുഫിയയാണ്. ലോകത്തിലെ ഏറ്റവും ദുർഘടമായതും ഉയർന്നതുമായ ഹൈവേകളിൽ ഒന്നിലൂടെ കടന്നുപോയാണ്, ഹിമാലയൻ അൾട്രാ റൺ പര്യടനം 156 മണിക്കൂർ കൊണ്ട് സൂഫിയ പൂർത്തിയാക്കിയത്. സൂഫിയ ഖാൻ എന്ന വനിതയെ സംബന്ധിച്ച് റെക്കോർഡുകൾ അപരിചിതമല്ല. റെക്കോർഡ് ഭേദിച്ചു കൊണ്ടുള്ള മൂന്നാമത്തെ ദീർഘദൂര ഓട്ടമാണ് ഇപ്പോൾ സൂഫിയ പൂർത്തിയാക്കിയത്. ഒരു തവണ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്കായിരുന്നു ദീർഘ ദൂര ഓട്ടം. ദില്ലി, ചെന്നൈ, കൊൽക്കത്ത, മുംബൈ എന്നീ നാലു പ്രധാന മെട്രോകളെ നാലു ദിശയിൽ ബന്ധിപ്പിക്കുന്ന സുവർണ ചതുർഭുജത്തിലൂടെ സൂഫിയ സഞ്ചരിച്ചു.
ആ യാത്രയുടെ അവസാനം അവിശ്വസനീയം എന്നാണ് സൂഫിയ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ കടന്നുപോയ കഠിനവും ദുഷ്കരവുമായി യാത്രയെക്കുറിച്ചും സൂഫിയക്ക് പറയാനുണ്ട്. 'യാത്ര പൂർത്തിയാക്കിയപ്പോൾ എനിക്ക് അത്ഭുതം തോന്നി, പരിശീലന സമയത്ത് എനിക്കിത് ചെയ്യാൻ കഴിയുമോ എന്ന് ആശങ്കയുണ്ടായിരുന്നു. വിചാരിച്ചതിലും കഠിനമായിട്ടാണ് അനുഭവപ്പെട്ടത്.' സൂഫിയയുടെ വാക്കുകൾ. 20 ദിവസത്തോളം പരിശീലനം നടത്തി. ഭൂപ്രകൃതി മനസ്സിലാക്കാനും ഉയരങ്ങളിലേക്ക് ഓടും തോറും ഓക്സിജന്റെ അളവ് കുറയുന്ന സാഹചര്യം മനസ്സിലാക്കും പരിശീലിച്ചു. സൈനിക് ഉദ്യോഗസ്ഥരുമായും പ്രദേശവാസികളുമായും സംസാരിച്ചതിൽ നിന്ന് വളരെയധികം വെല്ലുവിളി നിറഞ്ഞ വഴിയാണിതെന്ന് മനസ്സിലായി.
കഠിനമായ ഒരുക്കങ്ങൾ നടത്തിയിട്ടും വിചാരിച്ചത്ര എളുപ്പത്തിൽ ലക്ഷ്യത്തിലെത്താൻ സാധിച്ചില്ലെന്നും സൂഫിയ പറഞ്ഞു. 'ശാരീരികമായി എത്ര പരിശ്രമിച്ചാലും മനസ്സ് കൂടെയില്ലെങ്കിൽ പ്രയോജനമുണ്ടാകില്ലെന്നും സൂഫിയ പറയുന്നു. ഭൂമിയിലെ ഏറ്റവും മനോഹരമായ ചില ഭാഗങ്ങളിലൂടെയായണ് ഞാൻ കടന്നുപോയത്, പർവ്വതങ്ങളുടെ നിറം മാറുന്നത് ഞാൻ കണ്ടു. മുഖത്ത് മഞ്ഞുതുള്ളികൾ വീഴുന്നത്, ഓരോ നിമിഷവും പ്രകൃതിക്ക് മാറ്റം സംഭവിക്കുന്നത് അത്ഭുതത്തോടെയും ഭയത്തോടെയും നോക്കി.' സൂഫിയയുടെ വാക്കുകൾ.
'സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഏറ്റവും മികച്ച വഴിയാണ് ഓട്ടം എന്നാണ് എന്റെ അഭിപ്രായം. പരിധികൾ മറികടന്ന് രാജ്യത്ത് പര്യടനം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. മത്സരത്തിന് വേണ്ടിയോ റെക്കോർഡുകൾ ഭേദിക്കാനോ അല്ല ഓടിത്തുടങ്ങിയത്. എല്ലാ പ്രതിസന്ധികൾക്കിടയിലും എന്റെ കഴിവുകൾ എനിക്ക് പരിശോധിച്ചറിയണമായിരുന്നു. കഴിയുന്നത്ര ആളുകളിലേക്ക് സമത്വം, ഏകത, പ്രത്യാശ, സമാധാനം, മാനവികത എന്നിവ എത്തിക്കാൻ ഞാനാഗ്രഹിച്ചു.' സൂഫിയ പറഞ്ഞു. 2024 ൽ വസുധൈവ കുടുംബകം എന്ന സന്ദേശം മുൻനിർത്തി ലോകം മുഴുവൻ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നതായി സൂഫിയ കൂട്ടിച്ചേർത്തു.