UPSC CSE : യുപിഎസ് സിപഠനത്തിനായി വൃക്ക വിൽക്കാൻ പോലും തയ്യാറാണെന്ന് അച്ഛൻ; ഐപിഎസ് നേടി അഭിമാനമായി മകൻ
അച്ഛന്റെ കഷ്ടപ്പാടിന് മകൻ പ്രത്യുപകാരം നൽകിയത് ഐപിഎസ് നേടിയാണ്. ഏതൊരാൾക്കും പ്രചോദനമാണ് ഇന്ദ്രജീത് മഹാത എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ജീവിതം.
ദില്ലി: മക്കൾ മികച്ച വിദ്യാഭ്യാസം നേടി അഭിമാനകരമായ പദവികൾ വഹിക്കുന്നത് മാതാപിതാക്കളെ സംബന്ധിച്ച് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. അതിന് വേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയ്യാറാകും. അങ്ങനെയുള്ള മാതാപിതാക്കളെ ഓർത്ത് മക്കളും അഭിമാനിക്കും. മകന്റെ വിദ്യാഭ്യാസത്തിനായി തന്റെ വൃക്ക വിൽക്കാൻ തയ്യാറാണെന്ന് പറഞ്ഞ ഒരു പിതാവിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അച്ഛന്റെ കഷ്ടപ്പാടിന് മകൻ പ്രത്യുപകാരം നൽകിയത് ഐപിഎസ് നേടിയാണ്. ഏതൊരാൾക്കും പ്രചോദനമാണ് ഇന്ദ്രജീത് മഹാത (Indrajeet Mahata IPS) എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ജീവിതം.
ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ വളരെ ദരിദ്രമായ ഒരു കുടുംബത്തിലാണ് ഇന്ദ്രജീത് മഹാത ജനിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഇന്ദ്രജിത്ത് ഐപിഎസ് ഓഫീസറാകണമെന്ന് സ്വപ്നം കാണാൻ തുടങ്ങി. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ജില്ലാ ഭരണകൂടത്തെ കുറിച്ച് ടീച്ചർ പറയുന്നത് കേട്ടപ്പോഴാണ് ഒരു ഓഫീസറാകാൻ തീരുമാനിച്ചതെന്ന് ഐബിഎൻ-7ന് നൽകിയ അഭിമുഖത്തിൽ ഇന്ദ്രജീത് പറഞ്ഞു.
ഒരു പാവപ്പെട്ട കർഷകനായിരുന്നു ഇന്ദ്രജീത്തിന്റെ പിതാവ്. വളരെ കഷ്ടപ്പെട്ടാണ് ഈ കുടുംബം ഓരോ ദിവസവും മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ഇന്ദ്രജിത്ത് താമസിച്ചിരുന്ന വീട് ഇടിഞ്ഞു വീഴുമെന്ന അവസ്ഥ വന്നപ്പോൾ അമ്മയും സഹോദരിയും അമ്മൂമ്മയുടെ കൂടെ താമസം തുടങ്ങി. പഠിക്കാൻ പോകേണ്ടത് കൊണ്ട് ഇന്ദ്രജിത്ത് അതേ വീട്ടിലായിരുന്നു താമസം. വീടിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു.വളരെയധികം പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടും ഇന്ദ്രജിത്ത് പഠനം തുടർന്നു. പുതിയ പുസ്തകങ്ങൾ വാങ്ങാൻ പണമില്ലാത്തതിനാൽ പഴയ പുസ്തകങ്ങളെ മാത്രം ആശ്രയിച്ചാണ് പഠനം മുന്നോട്ട് കൊണ്ടുപോയത്.
ഇന്ദ്രജീത്തിന് ഡൽഹിയിൽ നിന്ന് ബിരുദം പൂർത്തിയാക്കാൻ വേണ്ടി അച്ഛൻ തന്റെ ഭൂമി വിൽക്കാൻ തുടങ്ങി. ആദ്യ ശ്രമത്തിൽ ഇന്ദ്രജീത് പരാജയപ്പെട്ടപ്പോൾ അച്ഛൻ പ്രോത്സാഹിപ്പിച്ചു. കൃഷിസ്ഥലങ്ങൾ വിറ്റു തീർന്നാൽ നിന്നെ പഠിപ്പിക്കാൻ ഞാൻ എന്റെ വൃക്ക പോലും വിൽക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പണത്തെക്കുറിച്ച് ഒട്ടും വിഷമിക്കേണ്ടെന്ന് അദ്ദേഹം മകനെ നിരന്തരം ആശ്വസിപ്പിച്ചു. പിതാവിന്റെ ത്യാഗവും ഇന്ദ്രജീത്തിന്റെ കഠിനാധ്വാനവും ഫലം കണ്ടു. രണ്ടാം ശ്രമത്തിൽ യുപിഎസ്‌സി പാസായി. അവരുടെ പ്രദേശത്ത് യുപിഎസ്‍സി പാസ്സായ ആദ്യ വ്യക്തി കൂടിയായി ഇന്ദ്രജീത് മഹാത. സ്ഥിരോത്സാഹവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ലക്ഷ്യം നേടാൻ സാധിക്കുമെന്ന് ഇന്ദ്രജീത് മഹാത എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ വിജയം ഓർമ്മിപ്പിക്കുന്നു.