V Sivankutty : ആൺ പെൺ വേർതിരിവില്ലാതെ കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കട്ടെ: നിര്‍ദ്ദേശവുമായി മന്ത്രി
പിടിഎ തീരുമാനിച്ചാല്‍ മിക്സഡ് സ്കൂളിന് അംഗീകാരം നല്‍കും. സംസ്ഥാനത്ത് ബോയ്സ്-ഗേള്‍സ് സ്കൂളുകള്‍ കുറയ്ക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾ (Students) ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി (V Sivankutty). ലിംഗ സമത്വ യൂണിഫോം കൊണ്ടുവരുന്നതിലും ഗേൾസ്-ബോയ്സ് സ്കൂളുകൾ മിക്സഡ് (Mixed Schools) ആക്കുന്നതിലും (PTA) പിടിഎകൾക്ക് തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. മിക്സ്ഡ് സ്കൂളുകളെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ നയമെന്നും (Gender Uniform) ജെൻഡർ യൂണിഫോം അടിച്ചേല്പിക്കില്ലെന്നും മന്ത്രി വിശദമാക്കി.
പിടിഎ തീരുമാനിച്ചാല്‍ മിക്സഡ് സ്കൂളിന് അംഗീകാരം നല്‍കും. സംസ്ഥാനത്ത് ബോയ്സ്-ഗേള്‍സ് സ്കൂളുകള്‍ കുറയ്ക്കും. ഗേള്‍സ്, ബോയ്സ് സ്കൂള്‍ മാറ്റാന്‍ പിടിഎ തീരുമാനം മതി. എസ്എസ് എൽ സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് വാർത്താ സമ്മേളനം നടത്തുന്നതിനിടിയിലാണ് മന്ത്രി ഇപ്രകാരം പറഞ്ഞത്. ജെൻട്രൽ ന്യൂട്രൽ യൂണിഫോം നിർബന്ധമെന്ന തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ല. ഇത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് പിടിഎ ആണെന്നും പല സംഘടനകളും തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾക്കും ഷർട്ടും പാൻ്റസും യൂണിഫോമാക്കായി ബാലുശ്ശേരി സ്കൂൾ മോഡൽ വലിയ ചർച്ചയാകുമ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കുന്നത്. ലിംഗസമത്വം യൂണിഫോമിലും മിക്സഡ് സ്കൂളിലും അനുകൂലിച്ചും എതിർപ്പും അഭിപ്രായങ്ങൾ ഉയരുമ്പോൾ തീരുമാനം സ്കൂൾ തലത്തിലേക്ക് വിട്ടാണ് സർക്കാർ സമീപനം. സർക്കാർ തീരുമാനങ്ങൾ അടിച്ചേല്പിക്കുന്നു എന്ന പരാതി ഒഴിവാക്കാനാണ് സ്കൂൾ പിടിഎകൾക്ക് സ്വാതന്ത്ര്യം നൽകുന്നത്.
നിലവിൽ സംസ്ഥാനത്ത് സർക്കാർ എയ്ഡഡ് മേഖലയിൽ മിക്സഡ് അല്ലാതെ 381 സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 244 ഗേൾസ് സ്കൂളുകളും 137 ബോയ്സ് സ്കൂളുകളുമാണുള്ളത്. സർക്കാർ മേഖലയിൽ 138 സ്കൂളുകളാണ് ഇത്തരത്തിലുള്ളത്. മിക്സ്ഡിനായുള്ള ആവശ്യം ഇതിനകം പല സ്കൂളുകളിൽ നിന്നും ഉയരുന്നുണ്ട്. സർക്കാർ നയം മിക്സ്ഡ് പ്രോത്സാഹിപ്പിക്കലെന്ന് മന്ത്രി വ്യക്തമാക്കുമ്പോൾ വരും നാളുകളിൽ ആൺ-പെൺ വേർതിരിച്ചുള്ള സ്കൂളുകൾ കുറയാനാണ് സാധ്യത. ചർച്ചകളെ പ്രോത്സാഹിപ്പിച്ച് പരാതികൾ തീർത്തുള്ള വേർതിരിക്കൽ അവസാനിപ്പിക്കലാണ് സർക്കാർ ലക്ഷ്യം..
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 29 വരെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും നടത്താന്‍ നിശ്ചയിച്ചു. മോഡല്‍ പ്രാക്ട്രിക്കല്‍ പരീക്ഷകളുടെ തീയതിയും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 21 മുതൽ 25 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ. പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 16 മുതൽ ഏപ്രിൽ 21 വരെയുള്ള തീയതികളിലും നടക്കും. എസ്എസ്എല്‍സി പ്രാക്ട്രിക്കല്‍ പരീക്ഷ മാര്‍ച്ച് 10 മുതല്‍ 19 വരെയുള്ള തീയതികളിലും പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ ഫ്രെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയുള്ള തീയതികളിലും നടത്തും.