Viral : 'എന്റെ പേര് കൊവിഡ് പക്ഷേ വൈറസല്ല'; പേര് കേട്ടവരൊക്കെ ചിരിക്കുന്നുവെന്ന് യുവാവ്; വൈറലായി ട്വീറ്റ്
ഐഐടി ബോംബെ ബിരുദധാരിയും ഇന്ത്യൻ ട്രാവൽ സ്റ്റാർട്ട്-അപ്പ് സ്ഥാപകനുമായ കൊവിഡ് കപൂറിന്റേതാണ് ട്വീറ്റ്. എന്റെ പേര് കൊവിഡ്, ഞാനൊരു വൈറസല്ല എന്ന് തന്റെ ട്വിറ്റർ ബയോയിൽ അദ്ദേഹം കുറിച്ചു
മുംബൈ: കൊവിഡ് (Covid) എന്ന് കേൾക്കുമ്പോൽ തന്നെ ഒരു മഹാമാരിയെക്കുറിച്ചാണ് (Pandemic) എല്ലാവർക്കും ഓർമ്മ വരുന്നത്. കൊവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങൾക്ക് ശേഷം മൂന്നാം തരംഗത്തിന്റെ ഭീഷണിയിലാണ് മനുഷ്യജീവിതം മുന്നോട്ട് പോകുന്നത്. എന്നാല്‍ കൊവിഡ് എന്ന വാക്കിനെ സംബന്ധിച്ച് വളരെ വ്യത്യസ്തവും അതേസമയം രസകരവുമായ ഒരു ട്വീറ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഐഐടി ബോംബെ ബിരുദധാരിയും ട്രാവൽ സ്റ്റാർട്ട്-അപ്പ് സ്ഥാപകനുമായ കൊവിഡ് കപൂറിന്റേതാണ് ട്വീറ്റ്. 'എന്റെ പേര് കൊവിഡ്, ഞാനൊരു വൈറസല്ല' എന്ന് തന്റെ ട്വിറ്റർ ബയോയിൽ അദ്ദേഹം കുറിച്ചു. ഇദ്ദേഹത്തിന്റെ ട്വീറ്റ് വൈറലാകാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല.
'കൊവിഡിന് ശേഷം ആദ്യമായി ഇന്ത്യക്ക് പുറത്ത് യാത്ര ചെയ്തു. ഒരു കൂട്ടം ആളുകൾ എന്റെ പേര് കേട്ടപ്പോൾ അത്ഭുതത്തോടെ നോക്കി. ഭാവിയിലെ വിദേശ യാത്രകൾ രസകരമായിരിക്കും!," കൊവിഡ് കപൂർ ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിന് 41,000 ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. അതേ ട്വീറ്റിൽ തന്നെ, തന്റെ പേരിന്റെ അർത്ഥം യഥാർത്ഥത്തിൽ പണ്ഡിതൻ എന്നാണെന്നും ഇദ്ദേഹം പറയുന്നു. തന്റെ പേര് 'കോവിഡ്' എന്നല്ല 'കൊവിഡ്' എന്നാണ് ഉച്ചരിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.
പേരും ട്വീറ്റും വൈറലായപ്പോൾ ഇപ്പോൾ ഒരു മിനി സെലിബ്രിറ്റിയെപ്പോലെ തോന്നുന്നു. പേരുമായി ബന്ധപ്പെട്ട ഒരു കൂട്ടം സംഭവങ്ങൾ പങ്കിടാമെന്നും കൊവിഡ് പറയുന്നു. മുപ്പതാമത്തെ ജന്മദിനത്തിന് സുഹൃത്തുക്കൾ കേക്ക് ഓർഡർ ചെയ്തു. അവർ പേരെഴുതിയപ്പോൾ സ്പെല്ലിംഗിൽ കെ എന്ന അക്ഷരത്തിന് പകരം സി ആണ് എഴുതിയത്. എന്തോ തമാശയാണെന്ന് കരുതി. ഇത് മാത്രമല്ല, തന്റെ പേര് പറയുന്നിടത്തില്ലൊം കോൾക്കുന്നവർ ചിരിക്കുന്നതും അത്ഭുതപ്പെടുന്നതുമായ നിരവധി സംഭവങ്ങളെക്കുറിച്ചും ട്വീറ്റിൽ കൊവിഡ് വിശദീകരിക്കുന്നുണ്ട്. പകർച്ചവ്യാധിയുടെ ഈ സമയത്ത് ട്രാവൽ ബിസിനസ് നടത്തുക എന്നത് പേടിസ്വപ്നം പോലെയാണെന്നാണ് ഇദ്ദേഹത്തിന്‍റ അഭിപ്രായം.