Start Up Mission : സാങ്കേതികവിദ്യാ ഉച്ചകോടിക്ക് സ്റ്റാര്‍ട്ടപ്പ്മിഷന്‍ ഐടി പാര്‍ക്കുകളുമായി കൈകോര്‍ക്കുന്നു

കേരളത്തിലെ ഐടി പാര്‍ക്കുകളുടേയും കേരള ബ്ലോക്ചെയിന്‍ അക്കാദമിയുടേയും സഹകരണത്തോടെ നടന്ന ബ്ലോക്ചെയിന്‍ ഉച്ചകോടിയില്‍ നിരവധി വിദഗ്ധര്‍ പങ്കെടുത്തു.
 

Startup Mission joins hands with IT parks for technology summit

തിരുവനന്തപുരം: സംസ്ഥാനത്ത് മേഖലകള്‍ തിരിച്ചുള്ള സാങ്കേതികവിദ്യാധിഷ്ഠിത ഉച്ചകോടികള്‍ സംഘടിപ്പിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ( കെഎസ് യുഎം) കേരള ഐടി പാര്‍ക്കുകളുമായി കൈകോര്‍ക്കുന്നു. നവീന സാങ്കേതികവിദ്യാ രംഗത്ത് നൂതന ആശയങ്ങളും പ്രതിവിധികളുമായി വരുന്ന ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളേയും ടെക്നോളജി സമൂഹത്തേയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

കെഎസ് യുഎം  സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ ദ്വിദിന വെര്‍ച്വല്‍ ഉച്ചകോടിയായ 'ഹഡില്‍ ഗ്ലോബല്‍ 2022' ന്‍റെ  സമാപനത്തിലാണ്  ഈ തീരുമാനം. ബ്ലോക്ചെയിന്‍ ഉച്ചകോടിയും ഗ്രീന്‍ ഇന്നൊവേഷന്‍ ഫണ്ടിന്‍റെ ഡെമോ ഡേയും സമ്മേളനത്തിന്‍റെ ഭാഗമായി നടന്നു.  കേരളത്തിലെ ഐടി പാര്‍ക്കുകളുടേയും കേരള ബ്ലോക്ചെയിന്‍ അക്കാദമിയുടേയും സഹകരണത്തോടെ നടന്ന ബ്ലോക്ചെയിന്‍ ഉച്ചകോടിയില്‍ നിരവധി വിദഗ്ധര്‍ പങ്കെടുത്തു.

ആധുനിക യുഗത്തില്‍  ടെക്നോളജി ഉച്ചകോടിയുടെ പ്രാധാന്യം മനസ്സിലാക്കിയാണ് സഹകരണത്തിനുള്ള തീരുമാനം എടുത്തതെന്ന്  കെഎസ് യുഎം  സിഇഒ  ജോണ്‍ എം തോമസ് പറഞ്ഞു. നവീന സാങ്കേതിവിദ്യാ മേഖലയില്‍ നൂതനാശയങ്ങളുമായി മുന്നേറാന്‍ ടെക്നോളജി സമൂഹത്തിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് ഉത്തേജനമേകും. പ്രശ്ന കേന്ദ്രീകൃത പ്രതിവിധികളും നവീന സാങ്കേതികവിദ്യയുമായുള്ള അന്തരം നികത്താന്‍ സഹകരണം സഹായകമാകും. തലസ്ഥാന നഗരിയിലെ നിര്‍ദ്ദിഷ്ട  'എമേര്‍ജിംഗ് ടെക്നോളജീസ് സ്റ്റാര്‍ട്ടപ്പ് ഹബ്'  എല്ലാ നൂതന സാങ്കേതികവിദ്യാധിഷ്ഠിത പ്രതിവിധികളുടേയും കേന്ദ്രമായിരിക്കുമെന്നും  കേരള ഐടി പാര്‍ക്കുകളുടെ  സിഇഒ കൂടിയായ അദ്ദേഹം വ്യക്തമാക്കി.
 
കൊവിഡാനന്തര കാലഘട്ടത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നിക്ഷേപ-പങ്കാളിത്ത-ബിസിനസ് അവസരങ്ങളായിരുന്നു രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ ഏറ്റവും വലിയ സമ്മേളനമായ ഹഡില്‍ ഗ്ലോബലിന്‍റെ മൂന്നാം പതിപ്പിന്‍റെ പ്രമേയം. ലോകശ്രദ്ധ നേടിയ സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, വിദഗ്ദ്ധര്‍, നയകര്‍ത്താക്കള്‍, മാര്‍ഗനിര്‍ദേശകര്‍, നിക്ഷേപകര്‍ എന്നിവരും സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളുമടക്കം സ്റ്റാര്‍ട്ടപ്പ് മേഖലയിലെ  ആഗോള പ്രമുഖര്‍ പങ്കെടുത്ത സമ്മേളനം സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവുമായി ബന്ധപ്പെട്ട ആഗോള കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്തു. മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരത്തിനു പുറമേ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും അവസരം ലഭിച്ചു.  

ധനകാര്യമേഖലയിലെ സാങ്കേതികവിദ്യാധിഷ്ഠിത പ്രതിവിധികളുമായി മുന്നോട്ടുവരുന്ന സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിന് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് കെഎസ് യുഎമ്മിന്‍റെ സഹകരണത്തോടെ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ ഫിന്‍ടെക് ആക്സിലറേറ്ററും ഫിനിഷിംഗ് സ്കൂളും ഹഡില്‍ ഗ്ലോബലിന്‍റെ ആദ്യ ദിനമായ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സ്, ഹാബിറ്റാറ്റ്, ജെട്രോ, ഗ്ലോബല്‍  ആക്സിലറേറ്റര്‍ നെറ്റ്വര്‍ക്ക്, ഐ ഹബ് ഗുജറാത്ത്, നാസ്കോം, സിഎസ്എല്‍ എന്നിവയുമായി  കെഎസ് യുഎം  ധാരണാപത്രങ്ങള്‍ ഒപ്പിടുകയും ചെയ്തു. രണ്ടായിരത്തില്‍പരം ആളുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന വെബ് പ്ലാറ്റ്ഫോമിലായിരുന്നു ഉച്ചകോടി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ഈ അതിനൂതന പ്ലാറ്റ്ഫോം വികസിപ്പിച്ചത്.


 

Latest Videos
Follow Us:
Download App:
  • android
  • ios