Omicron Threat : ഒമിക്രോൺ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്കുളുകൾ അടച്ചിടേണ്ടി വന്നേക്കാം; മന്ത്രി വർഷ ഗെയ്ൿവാദ്
കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് സ്കൂളുകൾ ദീർഘകാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഈ മാസം ആദ്യമാണ് മഹാരാഷ്ട്രയിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത്.
മഹാരാഷ്ട്ര: ഒമിക്രോൺ കേസുകൾ (Omicron) വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ Schools Shut down) അടച്ചിടേണ്ടി വരുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ൿവാദ്. കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് സ്കൂളുകൾ ദീർഘകാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഈ മാസം ആദ്യമാണ് മഹാരാഷ്ട്രയിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത്. സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നത് തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഇപ്പോഴത്തെ അവസ്ഥ തുടർന്നാൽ സ്കൂളുകൾ വീണ്ടും അടച്ചിടേണ്ടി വരുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഒമിക്രോൺ കേസുകൾ വർദ്ധിച്ചാൽ സ്കൂളുകൾ വീണ്ടും അടച്ചിടാൻ സർക്കാർ നിർബന്ധിതരായേക്കാം. വിദ്യാഭ്യാസ മന്ത്രി വാർത്താ എജൻസിയായ എഎൻഐയോട് പറഞ്ഞു. ഇന്ത്യയിലാകെ 213 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മുംബൈയിലെ സ്‌കൂളുകള്‍ ഡിസംബര്‍ 15നും പുനെ മേഖലയിലെ സ്‌കൂളുകള്‍ 16നുമാണ് തുറന്നത്.
ഇതുവരെ മഹാരാഷ്ട്രയില്‍ 65 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, മഹാരാഷ്ട്ര ബോര്‍ഡ് നടത്തുന്ന എസ് എസ് സി, എച്ച് എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 18 വരെയാണ് പരീക്ഷകള്‍ . ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കുകയോ ഓണ്‍ലൈനായി നടത്തുകയോ വേണമെന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു.