ദില്ലിയില്‍ സ്കൂളുകള്‍ തുറന്നു; വാക്സിനെടുക്കാത്ത അധ്യാപകരെയും ജീവനക്കാരെയും സ്കൂളിൽ വരാൻ അനുവദിക്കില്ല

നവംബർ 1 മുതൽ ദില്ലിയിലെ എല്ലാ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാ ക്ലാസുകളും ആരംഭിക്കാൻ അനുവദിക്കും. അതേസമം തന്നെ ഓഫ്‌ലൈനിൽ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി സ്കൂളുകളിലെ ഓൺലൈൻ ക്ലാസുകൾ തുടരും

schools and colleges are reopen at delhi

ദില്ലി:  കൊവിഡ്-19 രൂക്ഷമായതിനെ തുടർന്ന് ദീർഘനാളായി അടച്ചിട്ടിരുന്ന ദില്ലിയിലെ സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും  ഇന്ന് വീണ്ടും തുറന്നു (schools open). ദില്ലിയിലെ കൊവിഡ് വ്യാപനത്തിലെ ​ഗുരുതരാവസ്ഥ കുറഞ്ഞതിനെ തുടർന്ന്  തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളുകൾക്ക് ഓഫ്‌ലൈൻ സെഷനുകൾ (offline Sessions) പുനരാരംഭിക്കാമെന്ന് ദില്ലി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. കർശനമായ കൊവിഡ് നിയന്ത്രണങ്ങളുടെ പിൻബലത്തിലാണ് വീണ്ടും സ്കൂളുകൾ തുറക്കാനൊരുങ്ങിയിരിക്കുന്നത്. ഒക്ടോബർ 15 വരെ വാക്‌സിൻ ഒരു ഡോസ് പോലും എടുക്കാത്ത, ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപകരെയും ജീവനക്കാരെയും സ്‌കൂളുകളിൽ വരാൻ അനുവദിക്കില്ല.

"നവംബർ 1 മുതൽ ദില്ലിയിലെ എല്ലാ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാ ക്ലാസുകളും ആരംഭിക്കാൻ അനുവദിക്കും. അതേസമം തന്നെ ഓഫ്‌ലൈനിൽ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി സ്കൂളുകളിലെ ഓൺലൈൻ ക്ലാസുകൾ തുടരും," ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. കുട്ടികളെ ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കളെ നിർബന്ധിക്കില്ലെന്നും സ്കൂളുകൾ ഹൈബ്രിഡ് മോഡിൽ - ഓൺലൈനിലും ഓഫ്‌ലൈനിലും എല്ലാ അധ്യാപന-പഠന പ്രവർത്തനങ്ങളും തുടരുമെന്നും മന്ത്രി പറഞ്ഞു.

മൊത്തം വിദ്യാർത്ഥികളുടെ 50 ശതമാനത്തിലധികം പേരെ ഒരേ സമയം സ്‌കൂളുകളിലേക്ക് വിളിക്കില്ലെന്നും സിസോദിയ പറഞ്ഞു. 9 മുതൽ 12 വരെയുള്ള ക്ലാസുകൾ ആരംഭിക്കാൻ ദില്ലി സർക്കാർ സെപ്തംബറിൽ അനുമതി നൽകിയിരുന്നു. ചില സ്കൂളുകൾ ദീപാവലിക്ക് ശേഷമാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. പല സ്കൂളുകളും ദീപാവലിക്ക് ശേഷമുള്ള ആഴ്ചയിലാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. 

നിർബന്ധിത തെർമൽ സ്ക്രീനിംഗ്,  ഉച്ചഭക്ഷണ ഇടവേളകൾ, ഇരിപ്പിട ക്രമീകരണങ്ങൾ, പതിവ് അതിഥി സന്ദർശനങ്ങൾ ഒഴിവാക്കൽ എന്നിവ സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് DDMA പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും സ്‌കൂളുകളിൽ വരാൻ അനുവദിക്കില്ല.

കൊവിഡ് -19  വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗണിന് മുന്നോടിയായി കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹിയിലെ സ്കൂളുകൾ അടച്ചിരുന്നു. ഈ വർഷം ജനുവരിയിൽ 9-12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ ഓഫ്‍ലൈൻ ക്ലാസുകൾ അനുവദിച്ചിരുന്നു. എന്നാൽ രണ്ടാം തരം​ഗം വന്നതിനെ തുടർന്ന്  വീണ്ടും നിർത്തിവച്ചു. ദില്ലിയിൽ സെപ്തംബറിൽ, 9 മുതൽ 12 വരെ ക്ലാസുകൾ ആരംഭിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios