സ്കൂളുകളില്‍ ഇനി ബാഗില്ലാ ദിവസങ്ങളും, പഠനഭാരത്തിന് ആശ്വാസമാകാന്‍ അടിപൊളി മാര്‍ഗവുമായി പുതുച്ചേരി

ഏതെങ്കിലും സാഹചര്യത്തില്‍ അവസാന പ്രവര്‍ത്തി ദിവസം അവധി ദിനമായാല്‍ അതിന് തൊട്ട് മുന്‍പത്തെ ദിവസമാകും ബാഗ് രഹിത ദിനമെന്നും സര്‍ക്കുലര്‍

school students to get 10 bagless days every year in pondicherry etj

പുതുച്ചേരി: പുതുച്ചേരിയിലെ സ്കൂളുകളില്‍ ഇനി ബാഗില്ലാ ദിവസങ്ങളും. എല്ലാ മാസത്തിലെയും അവസാന പ്രവൃത്തിദിനം വിദ്യാര്‍ത്ഥികൾ ബാഗുകൾ കൊണ്ടുവരേണ്ടതില്ലെന്ന് സ‍‍ർക്കുലർ. സ്വകാര്യ സ്കൂളുകൾക്കും നിര്‍ദ്ദേശം ബാധകമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഒരു വര്‍ഷം ഏറ്റവും കുറഞ്ഞത് 10 ബാഗ് രഹിത ദിനങ്ങള്‍ ഉറപ്പിലാക്കാനാണ് നീക്കം. സ്കൂള്‍ വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടർ വി ജി ശിവഗാമിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ഏതെങ്കിലും സാഹചര്യത്തില്‍ അവസാന പ്രവര്‍ത്തി ദിവസം അവധി ദിനമായാല്‍ അതിന് തൊട്ട് മുന്‍പത്തെ ദിവസമാകും ബാഗ് രഹിത ദിനമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ദിവസം കല, കായിക, ക്രാഫ്റ്റ് പ്രവര്‍ത്തികള്‍ക്കാകണം ഊന്നല്‍ നല്‍കേണ്ടതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്. നേരത്തെ വിദ്യാർത്ഥികളുടെ സ്കൂൾ ബാഗ് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാനത്തെ സ്കൂളുകളോട് കർണാടക വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.

നിലവിലെ സർക്കുലർ പ്രകാരം സ്കൂൾ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം വിദ്യാർത്ഥിയുടെ ഭാരത്തിന്‍റെ 15 ശതമാനത്തിൽ കൂടാൻ പാടില്ല. മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച്, ക്ലാസ് 1-2 കുട്ടികളുടെ ബാഗുകൾക്ക് 1.5-2 കിലോഗ്രാം ഭാരവും 3-5, 2-3 കിലോഗ്രാം ഭാരവും മാത്രമേ പാടുള്ളു. ആറ് മുതൽ എട്ട് വരെ: 3-4 കിലോഗ്രാം, 9-10 ക്ലാസുകളിൽ ഇത് 4-5 കിലോഗ്രാം ആയിരിക്കണം. അതേസമയം തന്നെ ആഴ്ചയിൽ ഒരു ദിവസം ബാഗില്ലാ ദിവസമായി ആചരിക്കണമെന്നും അത് ശനിയാഴ്ചയായാൽ നല്ലതെന്നും നിർദേശത്തിൽ പറയുന്നു. സ്‌കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ പഠിക്കാനായിരുന്നു കര്‍ണാടക സർക്കാർ സമിതിയെ നിയോഗിച്ചത്.

വർഷങ്ങൾക്ക് മുമ്പ് നിയോഗിച്ച കമ്മിറ്റി 2018-19 കാലയളവിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. 2019- അന്തിമ റിപ്പോർട്ട് വന്നതിന് പിന്നാലെ ഇത് സംബന്ധിച്ച് കർണാടകട സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു സ്കൂൾ ബാഗിന്റെ ഭാരം കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തിൽ കൂടുന്നില്ലെന്ന് ഉറപ്പാക്കാനായിരുന്നു അന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയത്. ഇത് ശക്തമായി നടപ്പിലാക്കണമെന്നാണ് പുതിയ ഉത്തരവ് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios