Scholarship : വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള ധനസഹായം 'പടവുകള്‍' അപേക്ഷകള്‍ ക്ഷണിച്ചു
മെരിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍-സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവരായിരിക്കണം.
തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പ് (Woman and Child Development Department) മുഖേന നടപ്പിലാക്കുന്ന 'പടവുകള്‍' പദ്ധതിയിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. (Widow) വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി അവരുടെ വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ( എം.ബി.ബി.എസ്, എഞ്ചിനീയറിംഗ്, ബിഡിഎസ്, ബിഎച്ച്എംഎസ്, ബി.എസ്.സി നേഴ്സിംഗ്, ബിഎഎംഎസ് തുടങ്ങിയവ) സര്‍ക്കാര്‍-സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണ് പടവുകള്‍.
മെരിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍-സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവരായിരിക്കണം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വ്വകലാശാലകള്‍, അംഗീകരിച്ചിട്ടുള്ള കോളേജുകള്‍ എന്നിവയില്‍ പഠിക്കുന്നവരായിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അതത് പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാവുന്നതും, തൊട്ടടുത്ത അങ്കണവാടി വര്‍ക്കറെ സമീപിക്കാവുന്നതുമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20.