ഗാർഹിക തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ; അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡിൽ ഉൾപ്പെടുത്തും
രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പ്രത്യേക ക്യാമ്പയിൻ തിരുവനന്തപുരത്തു തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: ഗാർഹിക മേഖലയിൽ (domestic Sector) തൊഴിൽ ചെയ്യുന്നവരെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഉൾപ്പെടുത്തുന്നതിനുള്ള (registration) രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പ്രത്യേക ക്യാമ്പയിൻ തിരുവനന്തപുരത്തു തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഗാർഹിക തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിനുള്ള ബില്ല് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ഇതിനൊപ്പം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളെ ലൈസൻസിന്റെ പരിധിയിൽ കൊണ്ടുവരും. തൊഴിലാളി തൊഴിലുടമ ബന്ധം കരാറിന്റെ പരിധിയിലാക്കുന്നതിനുള്ള നടപടിയും സർക്കാർ ഉടൻ സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു.
പരമാവധി ഗാർഹിക തൊഴിലാളികളെ ബോർഡിൽ ഉൾപ്പെടുത്തുന്നതിനു പ്രേരിപ്പിക്കുന്നതിനായി തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ റിക്രൂട്ടിങ് സ്ഥാപനങ്ങൾ ഉൾപ്പെടെ സന്ദർശിച്ചു ബോധവൽക്കരണം നടത്തും. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ആനുകൂല്യം ഈ മേഖലയിലെ അർഹരായ പരമാവധി തൊഴിലാളികൾക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഗൃഹ ജോലികൾ ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഇതിനൊപ്പം സവിശേഷമായി കൈകാര്യം ചെയ്യേണ്ടതാണെന്നു മന്ത്രി പറഞ്ഞു.
രണ്ടാഴ്ചത്തെ കാമ്പയിനിൽ പുതിയ രജിസ്‌ട്രേഷന് ഒപ്പം കുടിശിക ഉള്ള നിലവിലെ അംഗങ്ങൾക്ക് അത് ഗഡുക്കളായി ഒടുക്കുന്നതിനും അവസരമുണ്ട്. ഇതിനു ഓഫീസിൽ എത്തി വരിനിൽക്കാതെ എളുപ്പത്തിൽ നടത്തുവാനുള്ള സൗകര്യം എല്ലാ ജില്ലാ ബോർഡ് ഓഫീസുകളിലും നടപ്പാക്കിയിട്ടുണ്ട്. ഇക്കാര്യം തൊഴിലാളി സംഘടന- തൊഴിലാളി പ്രതിനിധികളുമായി ചർച്ച ചെയ്തു തീരുമാനമായിട്ടുള്ളതാണെന്നു മന്ത്രി അറിയിച്ചു. ചടങ്ങിൽ തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി , ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര, പ്രൈവറ്റ് സെക്രട്ടറി അഡ്വ: പി രാമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
കെ.ജി.റ്റി.ഇ. പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിൽ അപേക്ഷിക്കാം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ. പ്രീ-പ്രസ്സ് ഓപ്പറേഷൻ/ കെ.ജി.റ്റി.ഇ. പ്രസ്സ് വർക്ക്/ കെ.ജി.റ്റി.ഇ. പോസ്റ്റ്-പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് 2022-23 കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും വരുമാന പരിധിക്കു വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591, 2723666) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. അപേക്ഷാ ഫോം 100 രൂപയ്ക്ക് അതാത് സെന്ററിൽ നേരിട്ടും 135 രൂപ മണി ഓർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാർസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തിൽ തപാലിലും ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471-2467728. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 25. കൂടുതൽ വിവരങ്ങൾക്ക്: www.captkerala.com.