മികച്ച കരിയർ തെരഞ്ഞെടുക്കാം; വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പോർട്ടൽ ആരംഭിച്ച് പഞ്ചാബ് സർക്കാർ
തിങ്കളാഴ്ചയാണ് പോർട്ടൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആസ്മാൻ ഫൗണ്ടേഷന്റെയും യൂണിസെഫിന്റെ സഹകരണത്തോടെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്.
ലുധിയാന: സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് (School college students) തൊഴിൽപരമായ മാർഗനിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കരിയർ പോർട്ടൽ (career guidance portal) പുറത്തിറക്കി പഞ്ചാബിലെ സ്കൂൾ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പർഗത് സിംഗ്. (Pargat Singh) തിങ്കളാഴ്ചയാണ് പോർട്ടൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആസ്മാൻ ഫൗണ്ടേഷന്റെയും യൂണിസെഫിന്റെ സഹകരണത്തോടെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്. കൃത്യമായ കരിയർ തെരഞ്ഞെടുക്കാനുള്ള കഴിവില്ലായ്മയാണ് തൊഴിലില്ലായ്മയുടെ പിന്നിലെ യഥാർത്ഥ കാരണം എന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് ഉചിതമായ സമയത്ത് മതിയായ കരിയർ നിർദ്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ അവരുടെ കഴിവിന് അനുസരിച്ച് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹോക്കിക്ക് പകരം മറ്റെന്തെങ്കിലും കായികരംഗം തെരഞ്ഞെടുത്തിരുന്നെങ്കിൽ ഇത്രയും മികച്ച പ്രകടനം കാഴ്ചവെക്കാൻ തനിക്ക് സാധിക്കുമായിരുന്നില്ലെന്നും വ്യക്തിപരമായ അനുഭവം പങ്കുവെച്ചുകാണ്ട് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന നടപടികളുടെ ഭാഗമായി വിവിധ ഓൺലൈൻ ക്ലാസുകൾ, സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് http://www.punjabcareerportal.com എന്ന പോർട്ടലിലൂടെ മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 10 ലക്ഷം വിദ്യാർത്ഥികൾക്ക് കരിയർ കൗൺസലിംഗ്, കോഴ്സുകൾ, സ്കോളർഷിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട അറിവുകൾ ഈ പോർട്ടലിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആധുനിക യുഗത്തിലെ പുതിയ ട്രേഡുകളെക്കുറിച്ച് അറിയാൻ വിദ്യാർത്ഥികൾ സജ്ജരാകുമെന്ന് യൂണിസെഫ് അംഗം ലളിത സച്ച്ദേവ പറഞ്ഞു.