ഹയർസെക്കണ്ടറി; സ്‌കൂൾ കോഴ്‌സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ റിസൾട്ട് പ്രസിദ്ധീകരിച്ചു
ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കൂൾ കോഴ്‌സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ റിസൾട്ട് പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം: ഹയർസെക്കണ്ടറി (വൊക്കേഷണൽ) (Higher secondary) ഒന്നാം വർഷ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കൂൾ കോഴ്‌സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ റിസൾട്ട് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിൽ 'Transfer Allotment Results' എന്ന ലിങ്കിൽ ട്രാൻസ്ഫർ റിസൾട്ട് കാണാം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ/കോഴ്സിൽ 26 ന് വൈകുന്നേരം നാല് മണിക്ക് മുൻപ് സ്ഥിരപ്രവേശനം നേടണം.
നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരപ്രവേശനം നേടിയില്ലെങ്കിൽ പ്രവേശന പ്രക്രിയയിൽ നിന്ന് പുറത്താകും. ട്രാൻസ്ഫർ അലോട്ട്‌മെന്റ് പ്രക്രിയ പൂർത്തിയായ ശേഷം സപ്ലിമെന്ററി ഘട്ട പ്രവേശന നടപടികൾ ആരംഭിക്കും. ഈ ഘട്ടത്തിൽ ഇതുവരെ അപേക്ഷ നൽകാത്തവർക്ക് പുതിയ അപേക്ഷ നൽകാനും നേരത്തെ അപേക്ഷിച്ച് പ്രവേശനം ലഭിക്കാത്തവർക്ക് അപേക്ഷ പുതുക്കുന്നതിനും അവസരം ലഭിക്കും.
അതേസമയം പ്ലസ് വൺ സീറ്റുകൾ കൂട്ടുമെന്നും വേണ്ടി വന്നാൽ പുതിയ ബാച്ചും അനുവദിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികൾ പോലും പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ അലയുന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.