പ്ലസ് വണ്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നാളെ മുതല്‍
രണ്ടാം സപ്ലിമെന്ററി അലോട്മെന്റന് നവംബർ 17 മുതൽ അപേക്ഷിക്കാം.
തിരുവനന്തപുരം: പ്ലസ് വണ്‍(plus one) സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നാളെ മുതല്‍ നടക്കും. നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് അലോട്ട്മെന്‍റ് നടക്കുന്നത്. കഴിഞ്ഞ 25നാണ് സപ്ലിമെന്‍ററി അലോട്ട്മെന്‍റിന്(supplementary allotment) അപേക്ഷ ക്ഷണിച്ചത്. 94,390 അപേക്ഷകളാണ് ലഭിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി(V Sivankuty) അറിയിച്ചു. കോമ്പിനേഷൻ മാറ്റത്തിന് 5,6 തിയ്യതികളിൽ അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു.
അതേസമയം രണ്ടാം സപ്ലിമെന്ററി അലോട്മെന്റന് നവംബർ 17 മുതൽ അപേക്ഷിക്കാം. രണ്ടാം ഘട്ട അലോട്മെന്റിനു ശേഷം എല്ലാ വിഭാഗങ്ങളിലുമായി 87527 സീറ്റുകളാണ് ബാക്കിയുള്ളത്. പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതോടെ പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ,സര്‍ക്കാര്‍.
നിലവിൽ സീറ്റുകൾ കുറവുള്ളിടങ്ങളിൽ 10% സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയ 7 ജില്ലകളില്‍ സീറ്റിന്‍റെ ആവശ്യകത അനുസരിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം സീറ്റും വര്‍ധിപ്പിച്ചു. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വര്‍ദ്ധനവിന് അപേക്ഷ സമര്‍പ്പിക്കുന്നതുമായ എയിഡഡ് സ്കൂളുകള്‍ക്കും അണ്‍ എയിഡഡ് സ്കൂളുകള്‍ക്കും 10 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയിഡഡ് സ്കൂളുകള്‍ക്കും അണ്‍എയിഡഡ് സ്കൂളുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മാര്‍ജ്ജിനല്‍ വര്‍ധനവിന്‍റെ 20 ശതമാനം സീറ്റ് കൂട്ടിയിട്ടുണ്ട്. സീറ്റ് കൂട്ടിയിട്ടും പ്രശ്‍നം തീർന്നില്ലെങ്കിൽ സർക്കാർ സ്കൂളിൽ താൽക്കാലിക ബാച്ച് അനുവദിക്കാനും ഉത്തരവായി.