നാടകം ഒരു കലയാണ്, ജീവിതമാണ്, കരിയറുമാണ്, സംസ്കൃത സർവ്വകലാശാലയിൽ നാടക പഠനത്തിൽ പി. ജി. പ്രോഗ്രാം
നാടക രചനയും അവതരണവുമായി ബന്ധപ്പെട്ട് ആരോഗ്യപരമായൊരു ഉണർവ്വ് പിന്നീട് നാം കാണുന്നത് 1576 ൽ ലണ്ടനിൽ നാടകഗൃഹം സ്ഥാപിച്ചതോടെയാണ്. ഷേക്സ്പീയർ നാടകങ്ങളുടെ രചനയും അവതരണവും നാടകങ്ങളെ ശ്രദ്ധിക്കുവാൻ കാരണമായി.
തൃശൂർ: നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം നടത്തിയാലും കണ്ടുപിടിക്കുവാൻ കഴിയില്ല. ചൂട്ടിന്റെയോ തീപ്പെട്ടിയുടെയോ വെളിച്ചത്തിൽ നാടകവേദി എന്നെങ്കിലും ആരംഭിച്ചതാകാം; ചിലപ്പോൾ വെളിച്ചമില്ലാതെയും. ക്രിസ്തുവിനും അനേകം നൂറ്റാണ്ടുകൾക്ക് മുമ്പ് നാടകം ആവിർഭിച്ചിരിക്കാം. ‘നാടകത്തിന്റെ ഗർഭഗൃഹം' എന്ന് വിശേഷണമുളള ഗ്രീസിൽ ഏസ്‍കലീസിന്റെ രചനകളാണ് ഇന്ന് കാണുംവിധമുളള നാടകരൂപത്തിന് നിദാനമായ നാടകവേദിക്ക് ജന്മം നൽകിയത്. നാടക രചനയും അവതരണവുമായി ബന്ധപ്പെട്ട് ആരോഗ്യപരമായൊരു ഉണർവ്വ് പിന്നീട് നാം കാണുന്നത് 1576 ൽ ലണ്ടനിൽ നാടകഗൃഹം സ്ഥാപിച്ചതോടെയാണ്. ഷേക്സ്പീയർ നാടകങ്ങളുടെ രചനയും അവതരണവും നാടകങ്ങളെ ശ്രദ്ധിക്കുവാൻ കാരണമായി.
സംസ്കൃത നാടകങ്ങളുടെ ഇടം
സംസ്കൃത നാടകങ്ങൾക്കുളള ഇടം എന്ന നിലയിലാണ് ഇന്ത്യയിൽ ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിൽ നാടകവേദിയുടെ പിറവി. ഭാരതത്തിലെ നാടകവേദിയുടെ ആധുനിക ലോകം ആരംഭിക്കുന്നത് രവീന്ദ്രനാഥ ടാഗോറിന്റെ നാടകങ്ങളോടെയാണ്. ഇന്ന് കാണുന്ന വിവിധ തരം നാടകങ്ങളുടെ ആദ്യരൂപം ഒപ്പരേ അഥവ ബാലെ എന്ന് വിളിക്കുന്ന രംഗാവിഷ്കാരമായിരുന്നു.
നാടകങ്ങളുടെ ശക്തി അപാരം
വലിയ ശക്തിയാണ് നാടകങ്ങൾക്കുളളത്. ഡിജിറ്റൽ യുഗത്തിലും ജനകീയ ബോധവൽക്കരണത്തിന് നാടകങ്ങൾ പ്രധാന ഉപകരണമാണ്. പ്രൊഫഷണൽ, അമേച്വർ എന്നിങ്ങനെ നാടകങ്ങളെ രണ്ടായി തിരിക്കാം. എന്നാൽ നമ്മുടെ നാടക വിചാരങ്ങളിൽ ഒരു പക്ഷേ ഇന്നും കത്തി നിൽക്കുന്നത് പ്രൊഫഷണൽ നാടകങ്ങൾ തന്നെയാണ്.
നാടകപഠനത്തിലൂടെ കരിയർ
നാടക പഠനത്തിന്റെ തൊഴിൽ സാധ്യതകൾക്ക് താരപരിവേഷമുണ്ട്. സിനിമ, സീരിയൽ, വിവിധ വാർത്ത ചാനലുകൾ, പത്രങ്ങൾ, പരസ്യ ഏജൻസികൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, ബ്രാൻഡിംഗ് തുടങ്ങി നിരവധി മേഖലകളിൽ നാടകപഠനത്തിന് തൊഴിൽ സാധ്യതകളുണ്ട്. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ എം. എ. (തിയേറ്റര്‍), പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കൂത്തമ്പലത്തിലാണ് പ്രോഗ്രാം നടത്തുന്നത്. നാല് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്‍റെ ദൈര്‍ഘ്യം രണ്ട് വര്‍ഷമാണ്.
പ്രവേശനം എങ്ങനെ?
പ്രവേശന പരീക്ഷയുടെയും (എഴുത്തുപരീക്ഷ), അഭിരുചി / പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കോ സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+ 2+ 3 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്ക് കുറഞ്ഞത് 40% മാര്‍ക്ക് (എസ്. സി./എസ്. ടി., ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് 35% മാര്‍ക്ക്) നേടുന്നവര്‍ പ്രവേശനത്തിന് യോഗ്യരാകും. ബി. എ. പ്രോഗ്രാമിന്‍റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയായവർക്കും ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ വിജയിച്ച് (എട്ട് സെമസ്റ്റർ പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2022 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 31.08.2022 ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഏപ്രിൽ 22ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുവാനും www.ssus.ac.in സന്ദർശിക്കുക. ഫോൺ: 0484-2463380.