ദില്ലി സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് ജർമ്മൻ ഭാഷ പഠനത്തിന് അവസരം
ഒരു ആഗോള ഭാഷ പഠിക്കുന്നത് വൈദഗ്ദ്ധ്യം മാത്രമല്ല, മറ്റൊരു രാജ്യത്തിന്റെ സംസ്കാരവുമായുള്ള ബന്ധം കൂടിയാണ്.
ദില്ലി: ദില്ലി സർക്കാർ സ്കൂളുകളിലെ (Delhi government Schools) വിദ്യാർത്ഥികൾക്ക് (German Language Course) ജർമ്മൻ ഭാഷാ കോഴ്‌സ് പഠനത്തിനായി ഗോഥെ ഇൻസ്റ്റിറ്റ്യൂട്ടുമായി ഡൽഹി ബോർഡ് ഓഫ് സ്‌കൂൾ എജ്യുക്കേഷൻ (ഡിബിഎസ്ഇ) കരാർ ഒപ്പുവച്ചു. "ദില്ലി സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആഗോള മികവ് നൽകാനും അവരുടെ സ്വപ്നങ്ങൾക്ക് പറക്കാൻ അവസരമുണ്ടാക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സർക്കാർ സ്കൂളുകളിൽ ഒരു പ്രമുഖ ആഗോള ഭാഷ അവതരിപ്പിക്കാനുള്ള പരിപാടിയുടെ ഭാഗമായി, ആദ്യമായി ജർമ്മൻ ഭാഷ പഠിക്കാൻ അവസരം നൽകുകയാണ്, ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ഒരു ആഗോള ഭാഷ പഠിക്കുന്നത് വൈദഗ്ദ്ധ്യം മാത്രമല്ല, മറ്റൊരു രാജ്യത്തിന്റെ സംസ്കാരവുമായുള്ള ബന്ധം കൂടിയാണ്. ഈ പങ്കാളിത്തം ദില്ലിയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഭാവിയിൽ നിരവധി പുതിയ ജോലികളും അക്കാദമിക് അവസരങ്ങളും തുറക്കുമെന്ന് ദില്ലി വിദ്യാഭ്യാസ മന്ത്രി കൂടിയായ സിസോദിയ ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ പറഞ്ഞു. സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് ആഗോള ഭാഷകൾ പഠിക്കാൻ അവസരം നൽകിയതിന് സർക്കാരിനെ ഇന്ത്യയിലെ ജർമ്മൻ അംബാസഡർ വാൾട്ടർ ജെ. ലിൻഡ്നർ അഭിനന്ദിച്ചു. ദില്ലി സർക്കാരുമായുള്ള ഈ ഭാഷാപരമായ പങ്കാളിത്തം സംസ്കാരം, കല, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ പുതിയ ചക്രവാളങ്ങൾ തുറക്കും. ദില്ലി സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ഭാവിയിൽ തൊഴിലവസരങ്ങളുണ്ടാകുമെന്നു്ം അദ്ദേഹം പറഞ്ഞു.