ഇ-ശ്രം രജിസ്ട്രേഷൻ: തൊഴിലുറപ്പ് അംഗങ്ങൾക്കും അവസരം; ജോയിന്റ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർമാർക്ക് പരിശീലനം
ദേശീയ തലത്തിൽ അസംഘടിത തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ഇതിലൂടെ ഭാവിയിൽ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും തൊഴിൽ കാർഡ് നൽകുന്നതിനുമായാണ് ഇ- ശ്രം രജിസ്ട്രേഷൻ.
എറണാകുളം: ഇ-ശ്രം പദ്ധതിയിലേക്ക് (E shram project) തൊഴിൽ ഉറപ്പ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവരെ ചേർക്കുന്നതിന് ജോയിന്റ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ മാർക്കുള്ള പരിശീലനപരിപാടി സിവിൽ സ്റ്റേഷനിലെ എ ഡി സി ഓഫീസിൽ ജില്ലാ ലേബർ ഓഫീസർ പി.എം.ഫിറോസ് ഉത്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മിഷണർ ബാബു.കെ.ജി പരിശീലന പരിപാടിയിൽ പങ്കെടുത്തു. (E Shram registration) ദേശീയ തലത്തിൽ അസംഘടിത തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ഇതിലൂടെ ഭാവിയിൽ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും തൊഴിൽ കാർഡ് നൽകുന്നതിനുമായാണ് ഇ- ശ്രം രജിസ്ട്രേഷൻ.
ഈ മാസം 20 മുതൽ അടുത്ത മാസം 20 വരെ തൊഴിലാളികൾക്കിടയിൽ രജിസ്ട്രേഷന്‍ നടപടികള്‍ സാധ്യമാക്കുന്നതിനുള്ള കർമപദ്ധതികൾക്ക് രൂപം നൽകാൻ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ട്രേഡ് യൂണിയൻ ഭാരവാഹികൾക്കും വ്യാപാര സംഘടന പ്രതിനിധികൾക്കും നേരത്തേ പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
മാധ്യമരംഗത്തെ അസംഘടിത തൊഴിലാളികൾക്കും ഇ- ശ്രം രജിസ്ട്രേഷൻ
മാധ്യമരംഗത്തെ അസംഘടിത തൊഴിലാളികൾക്കായി ഇ- ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന് തൊഴിലാളികളുടെ വിവരശേഖരണം പ്രധാനപ്പെട്ടതാണെന്ന് സുരേഷ് ഗോപി എം.പി. വ്യക്തമാക്കി. സിനിമാ മേഖലയിലെയും മറ്റ് ദൃശ്യ-ശ്രാവ്യ മാധ്യമരംഗത്തെയും തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഇ- ശ്രം രജിസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ - ശ്രം രജിസ്ട്രേഷനുള്ള പ്രായപരിധി വർദ്ധിപ്പിക്കുന്ന കാര്യം കേന്ദ്ര തൊഴിൽവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ നടന്ന രജിസ്ട്രേഷൻ ക്യാമ്പിന് പോസ്റ്റൽ വകുപ്പ്, കോമൺ സർവീസ് സെന്റെർ എന്നിവർ സാങ്കേതിക പിന്തുണ നൽകി.
ഇ ശ്രം രജിസ്ട്രേഷൻ
രാജ്യത്തെ അസംഘടിത മേഖലയിൽ നിന്നും, അസംഘടിത തൊഴിൽ ഇടങ്ങളിൽ നിന്നുമുള്ള 1.71 കോടിയിലേറെ തൊഴിലാളികളാണ് ഒരുമാസം പൂർത്തിയാക്കുന്നതിനിടെ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. സെപ്റ്റംബർ 25 വരെയുള്ള കണക്ക് പ്രകാരം, 1,71,59,743 തൊഴിലാളികളാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. https://eshram.gov.in/ എന്ന ഇ-ശ്രം പോർട്ടൽ 2021 ഓഗസ്റ്റ് 26ന് കേന്ദ്ര തൊഴിൽ മന്ത്രി ശ്രീ ഭൂപേന്ദർ യാദവാണ് ഉദ്ഘാടനം ചെയ്തത്.
കുടിയേറ്റ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, കരാർ തൊഴിലാളികൾ തുടങ്ങിയവർ ഉൾപ്പെടെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികൾക്കായുള്ള ആദ്യ ദേശീയതല ഡാറ്റബേസ് ആണ് ഈ പോർട്ടൽ. സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലങ്ങൾ അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് കൂടി ലഭ്യമാക്കാൻ പോർട്ടൽ വഴിയൊരുക്കുന്നു. ഉദ്ഘാടനം ചെയ്യപ്പെട്ട് രണ്ടാം ആഴ്ച പിന്നിട്ടപ്പോൾ ഉണ്ടായിരുന്ന 19.52 ലക്ഷത്തിൽ അധികം രജിസ്ട്രേഷനുകളെക്കാൾ ഉയർന്ന തോതിലാണ് 3, 4 ആഴ്ചകളിൽ പോർട്ടലിൽ രജിസ്ട്രേഷനുകൾ ലഭിച്ചത്. നാലാം ആഴ്ചയിൽ മാത്രം 69.53 ലക്ഷത്തിലേറെ തൊഴിലാളികൾ ആണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്.
നിലവിൽ 400 ലേറെ തൊഴിലുകൾ പോർട്ടലിൽ ഇടം പിടിച്ചിട്ടുണ്ട്. പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാ വ്യക്തികൾക്കും രണ്ട് ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്ക് യോഗ്യത ലഭിച്ചിട്ടുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്ത തൊഴിലാളികളിൽ ഏകദേശം 50 ശതമാനത്തോളം സ്ത്രീകളാണ്. രജിസ്റ്റർ ചെയ്തവരിലെ സ്ത്രീ പ്രാതിനിധ്യം, ഒന്നാം ആഴ്ചയിൽ 37 ശതമാനത്തോളം ആയിരുന്നത്, അവസാന ആഴ്ചയിൽ (നാലാം ആഴ്ചയിൽ) 50 ശതമാനത്തോളം ആയി ഉയർന്നു. വീട്ടു ജോലികളിൽ ഏർപ്പെടുന്ന സ്ത്രീ തൊഴിലാളികളിൽ വലിയ ഒരു ശതമാനം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ പേര്, തൊഴിൽ, വിലാസം, വിദ്യാഭ്യാസ യോഗ്യത, നൈപുണ്യ ശേഷി, കുടുംബ വിവരങ്ങൾ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള പോർട്ടലിൽ ഉണ്ടായിരിക്കുന്നതാണ്.