Niyukthi 2021 Job Fair : നിയുക്തി തൊഴില്‍ മേള; മലപ്പുറത്ത് 718 പേർക്ക് തൊഴിൽ; 1972 പേർ ചുരുക്കപ്പട്ടികയില്‍
. 3,850 ഒഴിവുകളിലേക്കായി നടന്ന അഭിമുഖത്തിൽ 718 ഉദ്യോഗാർത്ഥികൾക്ക് വിവിധ കമ്പനികളിലായി ജോലി ലഭിച്ചു. 1972 ഉദ്യോഗാർത്ഥികൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും (Employment Exchange) എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച 'നിയുക്തി 2021' (Niyukthi 2021) മെഗാ തൊഴിൽ മേളയിൽ 7,239 ഉദ്യോഗാർത്ഥികൾ (Mega Job Fair) പങ്കെടുത്തു. 3,850 ഒഴിവുകളിലേക്കായി നടന്ന അഭിമുഖത്തിൽ 718 ഉദ്യോഗാർത്ഥികൾക്ക് വിവിധ കമ്പനികളിലായി ജോലി ലഭിച്ചു. 1972 ഉദ്യോഗാർത്ഥികൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
മേല്‍മുറി മഅ്ദിന്‍ പോളിടെക്നിക് ക്യാമ്പസില്‍ സംഘടിപ്പിച്ച മേളയില്‍ ഐ.ടി, ടെക്സ്റ്റയില്‍സ്, ജുവലറി, ഓട്ടോമൊബൈല്‍സ്, അഡ്മിനിസ്ട്രേഷന്‍, മാര്‍ക്കറ്റിങ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളിലെ 73 പ്രമുഖ കമ്പനികള്‍ പങ്കെടുത്തു. 3,850 ഒഴിവുകളിലേക്കായി ഏഴാംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്കും പ്രൊഫഷനല്‍ യോഗ്യതകള്‍ ഐ.ടി.ഐ, പോളിടെക്‌നിക്, പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്കും തൊഴില്‍മേളയിലൂടെ അവസരം ലഭിച്ചു.
അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തങ്ങളുടെ യോഗ്യതക്കും താത്പര്യത്തിനും അനുസൃതമായി തൊഴില്‍ തെരഞ്ഞെടുക്കുന്നതിനും മേള അവസരമൊരുക്കി. ഇന്ത്യന്‍ വ്യോമസേനയുടെ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള നടപടിക്രമങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി സേനയുടെ നേരിട്ടുള്ള സ്റ്റാളും മേളയിലുണ്ടായിരുന്നു. സംസ്ഥാനത്ത് മൂന്ന് മേഖലകളില്‍ മാത്രമായി നടത്തി വന്നിരുന്ന തൊഴില്‍മേള കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം എല്ലാ ജില്ലകളിലുമായി നടത്താന്‍ തീരുമാനിച്ചത്. ഇത് കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് അവസരമൊരുക്കി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന തൊഴില്‍മേളകളിലൂടെ സ്വകാര്യമേഖലയിലെ 25,000 തൊഴിലുകളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്. ജനുവരി എട്ട് വരെ വിവിധ ജില്ലകളിലായി മെഗാ തൊഴില്‍മേള നടക്കും.