തൊഴിൽ വകുപ്പിന് കീഴിലെ 16 ബോർഡുകൾക്കും ഇനി പൊതു സോഫ്റ്റ്‍വെയർ
ഒന്നാം ഘട്ടത്തിൽ ഏകദേശം 67 ലക്ഷം അംഗങ്ങളുടെ വിവരങ്ങൾ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തി പുതുക്കിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാന തൊഴിൽ വകുപ്പിന്റെ (labour department) ആധുനികവത്ക്കരണത്തിന്റെയും ഡിജിറ്റലൈസേഷന്റെയും ഭാഗമായി വകുപ്പിന് കീഴിലുള്ള 16 ക്ഷേമ നിധി ബോർഡുകളുടെയും ഭരണ നിർവഹണം, ക്ഷേമ പദ്ധതികളുടെ നടത്തിപ്പ്, അംശദായം അടയ്ക്കൽ, അക്കൗണ്ടിംഗ്, ഓഫീസ് നടത്തിപ്പ് തുടങ്ങിയ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം എന്ന (software) പൊതു സോഫ്റ്റ്‌വെയർ സംവിധാനം ആരംഭിക്കുന്നു. ഈ സംവിധാനത്തിലൂടെ തൊഴിലാളികൾക്ക് ഓൺലൈനായി എളുപ്പത്തിൽ അംശദായം അടയ്ക്കുവാനും ഒന്നിലധികം ബോർഡുകളിലായി ഇരട്ട അംഗത്വം വരുന്നത് ഒഴിവാക്കാനുമാകും.
അതിനാൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ കൃത്യമായി ഓൺലൈൻ ആയി ബാങ്കുകൾ വഴി ലഭിക്കും. അംഗങ്ങളുടെ ആധാർ അധിഷ്ഠിത വിവരങ്ങൾ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തുന്നതിനാൽ ക്യൂ ആർ കോഡ് ഉൾപ്പെടുത്തിയ സ്മാർട്ട് തിരിച്ചറിയൽ കാർഡ് അതാതു ബോർഡുകൾ വഴി ലഭ്യമാകും. ഒന്നാം ഘട്ടത്തിൽ ഏകദേശം 67 ലക്ഷം അംഗങ്ങളുടെ വിവരങ്ങൾ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തി പുതുക്കിയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴിയും ക്ഷേമനിധി ബോർഡുകളുടെ ജില്ലാ ഓഫീസുകൾ, ട്രേഡ് യൂണിയനുകൾ എന്നിവ മുഖേനയും അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റത്തിലേക്കുള്ള രജിസ്‌ട്രേഷൻ നടത്താം.
നിലവിൽ സ്വന്തമായി സോഫ്റ്റ്വെയർ ഉള്ള ബോർഡുകളെ എ ഐ ഐ എസുമായി സംയോജിപ്പിച്ചും സോഫ്റ്റ്‍വെയർ ഇല്ലാത്തവർക്ക് എ ഐ ഐ എസ് സേവനം ലഭ്യമാക്കിയുമാണ് പദ്ധതി നടപ്പാക്കിയത്. പൊതു സോഫ്റ്റ്വെയർ സംവിധാനത്തിന്റെ ഉദ്ഘാടനം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി 12ന് തിരുവനന്തപുരം കോ ഓപ്പറേറ്റീവ് ഹാളിൽ നിർവഹിക്കും. വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന ചടങ്ങിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മീഷണർ ഡോ എസ്. ചിത്ര തുടങ്ങിയവർ പങ്കെടുക്കും.